നീലംപേരൂർ: സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ കിടപ്പുരോഗികൾക്ക് ആശ്വാസം പകർന്ന് കുർബാന. വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നതും കിടപ്പു രോഗികളുമായ വിശ്വാസികൾക്കും കുർബാനയിൽ പങ്ക് ചേരാൻ അവസരം ഒരുക്കിയാണ് പള്ളി വേറിയ വഴി സ്വീകരിച്ചത്. ഇടവകയുടെ പരിധിയിൽ വരുന്ന അൻപതോളം കിടപ്പ് രോഗികളാണ് പള്ളിയിൽ നേരിട്ടെത്തി കുർബാന സ്വീകരിച്ചത്. പള്ളിയിലെ സുവിശേഷ സമാജത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലേയ്ക്ക് വാഹനങ്ങളുമായി എത്തി. തുടർന്ന്, ഇതേ വാഹനത്തിൽ കിടപ്പ് രോഗികളായ വിശ്വാസികളെ പള്ളിയിൽ എത്തിച്ചു. പള്ളിയ്ക്കുള്ളിൽ പ്രത്യേകം ക്രമീകരിച്ചിരുന്ന കട്ടിലുകളിൽ കിടന്നാണ് കിടപ്പ് രോഗികളായവർ കുർബാനയിൽ പങ്കുകൊണ്ടത്. വീൽച്ചെയറിൽ പള്ളിയിൽ എത്തി കുർബാനയിൽ പങ്കെടുത്ത വിശ്വാസികളും ഉണ്ടായിരുന്നു. പങ്കെടുത്ത കിടപ്പ് രോഗികൾക്ക് എല്ലാം തൈലാഭിഷേകവും നടത്തി. സ്‌നേഹവിരുന്നും ഇവർക്കായി പള്ളിയിൽ ക്രമീകരിച്ചിരുന്നു. ഇതിന് ശേഷം എല്ലാവരെയും ഭാരവാഹികൾ തന്നെയാണ് വീടുകളിൽ എത്തിച്ചത്. ഫാ.ജിജി പുന്നൂസ് പുത്തൻപുരയ്ക്കൽ, ഫാ.ജേക്കബ് ഫിലിപ്പ് നടയിൽ, ഡീക്കൻ ബിബിൻ ആൻഡ്രൂസ് കുന്നുംപുറത്ത്, ട്രസ്റ്റി കുര്യാക്കോസ് ചാണ്ടി കാട്ടടി, സെക്രട്ടറിമാരായ ബോബി ചാക്കോ പള്ളിയ്ക്കപ്പറമ്പിൽ, ജൂബി ജേക്കബ് കളത്തിൽ എന്നിവർ നേതൃത്വം നൽകി.