തിരുവല്ല : വള്ളം കളിക്കിടെ വെള്ളത്തിൽ പോയ പോലീസിന്റെ വയർലെസ് സെറ്റിനായി പമ്പാ നദിയിലെ നീരേറ്റുപുറത്ത് സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന നീരേറ്റുപുറം വള്ളം കളിക്കിടെയാണ് പുളിക്കീഴ് പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ വെള്ളത്തിൽ പോയത്. തിരുവല്ലയിൽ നിന്നുള്ള സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വയർലെസ് സെറ്റിനായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും ബോട്ടിലേക്ക് കയറുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും സെറ്റുകൾ വെള്ളത്തിൽ വീഴുകയായിരുന്നു. പുളിക്കീഴ് എസ്.ഐ കവിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.