നീറ്റ് എംഡിഎസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി : ഡോ. അഞ്ജുവിന് അഭിനന്ദന പ്രവാഹം

ഏറ്റുമാനൂർ: നീറ്റ് എംഡിഎസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ ഡോ. അഞ്ജുവിന് അഭിനന്ദനപ്രവാഹം. മന്ത്രി വി.എൻ. വാസവൻ അഞ്ജുവിൻ്റെ വീട്ടിലെത്തി സംസ്‌ഥാന സർക്കാരിൻ്റെ ആദരം സമർപ്പിച്ചു.

Advertisements

ആത്മാർഥമായ പരിശ്രമം കൊണ്ട് എന്തും നേടിയെടുക്കാമെന്നു അഞ്ജു തെളിയിച്ചിരിക്കുകയാണെന്നും മറ്റു വിദ്യാർഥികൾക്ക് ഇതൊരു നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീറ്റ് പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുള്ള ആളാണെന്നത് ഏറെ അഭിമാനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടിത്താനം അന്തനാട്ട് പരേതനായ മാത്യു വി.ജോസഫിൻ്റെയും റിട്ട. അധ്യാപിക ജോജി സി ജോണിൻ്റെയും മകളായ അഞ്ജു 2023 ലാണ് കോട്ടയം ഗവ.ഡെൻ്റൽ കോളജിൽ നിന്ന് ബിഡിഎസ് ബിരുദം നേടുന്നത്. തുടർന്ന് കുറച്ചുകാലം ഡെന്റൽ ക്ലിനിക്കിൽ ജോലി ചെയ്ത ശേഷമാണ് നീറ്റ് എംഡിഎസ് പരീക്ഷയ്ക്ക് തയാറെടുത്തത്. ഒരു വർഷം നീണ്ട പരിശ്രമത്തിലൂടെയാണ് മിന്നും വിജയം കൈവരിച്ചത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എൻ.വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്, അതിരമ്പുഴ ലോക്കൽ സെക്രട്ടറി രതീഷ് രത്നാകരൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ് എന്നിവരും അഞ്ജുവിനെ അഭിനന്ദിക്കാൻ എത്തിയിരുന്നു.

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ ആദരം പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രജിത ഹരികുമാർ, ഹരി പ്രകാശ്, ഫസീന സുധീർ എന്നിവർ ചേർന്നു സമ്മാനിച്ചിരുന്നു. ഇന്നലെ ഏറ്റുമാനൂർ ക്രിസ്‌തുരാജ പള്ളിയിലെ ഇടവക ദിനത്തോടനുബന്ധിച്ചു അഞ്ജുവിനെ പള്ളി കമ്മിറ്റിയും അനുമോദിച്ചു.

Hot Topics

Related Articles