നേഹ ഹിരേമത്തിന്റെ കൊലപാതകം; ‘ലൗ ജിഹാദ്’ ആരോപണവുമായി ബിജെപി; കർണാടകയിൽ രാഷ്ട്രീയപ്പോര്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കോളേജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കർണാടകയില്‍ രാഷ്ട്രീയ പോര്. ഹുബ്ബള്ളിയിലാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു.

സംഭവം രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കർണാടകയില്‍. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നില്‍ ലൗ ജിഹാദ് വശമുണ്ടെന്നും പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. എന്നാല്‍, സംഭവം ക്രിമിനല്‍ പ്രവർത്തനമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നുവെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ചതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. മകളെ കുടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി കോണ്‍ഗ്രസ് കോർപ്പറേറ്ററായ നിരഞ്ജൻ ഹിരേമത്ത് ആരോപിച്ചു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുംകോണ്‍ഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി.

Hot Topics

Related Articles