സാധാരണ പ്രസവത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് സിസേറിയൻ വഴി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ സംവിധാനം വികസിക്കാൻ കൂടുതല്‍ സമയമെടുക്കും എന്നാണ് പഠനം വ്യക്തമാക്കുന്നത്. പഠനത്തിൻ്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ ശിശുക്കളില്‍ വാക്സിൻ ഫലപ്രാപ്തിയെ കുറിച്ച് ആശങ്കകള്‍ ഉയർത്തിയിട്ടുണ്ട്. സിസേറിയൻ വഴി ജനിക്കുന്ന കുട്ടികളില്‍ സ്വാഭാവികമായി ജനിക്കുന്നവരെ അപേക്ഷിച്ച്, അഞ്ചാംപനിക്കെതിരെയുള്ള രണ്ട് ഡോസ് വാക്സിനില്‍ ഒരു ഡോസ് പൂർണമായും ഫലപ്രദമല്ലാതാകാനുള്ള സാധ്യത 2.6 മടങ്ങ് കൂടുതലാണെന്ന് യുകെ കേംബ്രിഡ്ജ് സർവകലാശാലയിലെയും ചൈനയിലെ ഫുഡാൻ സർവകലാശാലയിലെയും ഗവേഷകർ വിശദീകരിച്ചു. എന്നിരുന്നാലും, രണ്ടാമത്തെ ഡോസ് അത്തരം കുട്ടികളില്‍ ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കിയതായി ഗവേഷകർ കണ്ടെത്തി. നേച്ചർ മൈക്രോബയോളജി ജേണലില്‍ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഞ്ചാംപനി, മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. പനി, ചുമ, ചുവന്ന കുരുക്കുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി സാധാരണ ഒമ്ബത് മാസം പ്രായമാകുമ്ബോഴും 18 മാസം പ്രായമാകുമ്ബോഴുമാണ് മീസില്‍സ് വാക്സിൻ നല്‍കുന്നത്.