കോട്ടയം : ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മ തൊട്ടിലിൽ നിന്നും കുട്ടിയെ ലഭിച്ചത്. അമ്മ തൊട്ടിലിൽ നിന്നും അലാറം മുഴങ്ങിയത് കേട്ട് അധികൃതർ നടത്തിയ പരിശോധനയിലാണ് ഓമനത്തമുള്ള കുട്ടിയെ കണ്ടെത്തിയത്. ഏകദേശം അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയാണ് എന്നാണ് സംശയിക്കുന്നത്.
അലാറം മുഴങ്ങിയതോടെ ജില്ലാ ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റസിൻ ആദ്യം അമ്മ തൊട്ടിലിന് അടുത്ത് എത്തി. തുടർന്ന്, ആശുപത്രിയില കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ ശ്രീജിത്ത് , നഴ്സുമാരായ ഷെറിൻ , അൻസിയ എന്നിവർ ചേർന്ന് കുട്ടിയെ ഏറ്റെടുത്തു. തുടർന്ന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി കുട്ടിയെ വാർഡിലേയ്ക്ക് മാറ്റി. ഇനി ചൈൽഡ് ലൈനിനും , ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും കുട്ടിയെ കൈ മാറും.