കോട്ടയം:കടയിൽ അശ്ലീല വിഡിയോ കസെറ്റുകൾ സൂക്ഷിച്ചെന്ന കേസിൽ കുടുങ്ങിയ കടക്കാരനെ 27 വർഷത്തിന് ശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കി. പിടിച്ചെടുത്ത കസെറ്റുകളിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് നേരിട്ട് പരിശോധിച്ചില്ലെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
1997ൽ കോട്ടയം കൂരോപ്പടയിൽ നിന്ന് പൊലീസ് 10 വിഡിയോ കസെറ്റുകൾ പിടിച്ചെടുത്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292 വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് മജിസ്ട്രേറ്റ് കോടതി പ്രതിക്ക് 2 വർഷം തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെഷൻസ് കോടതി പിന്നീട് ശിക്ഷ ഒരു വർഷം തടവും 1000 രൂപ പിഴയുമായി കുറച്ചിരുന്നു.7 സാക്ഷികൾ ഉൾപ്പെട്ട കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും തഹസീൽദാറും കസെറ്റുകളിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാൽ, കോടതിയിൽ ഹാജരാക്കിയ തെളിവുകൾ സ്വമേധയാ പരിശോധിച്ച് ഉറപ്പാക്കേണ്ടത് മജിസ്ട്രേറ്റിന്റെ ചുമതലയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തെളിവ് നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തി ജസ്റ്റിസ് കൗസർ എടപ്പഗത്ത് സെഷൻസ് കോടതിവിധി റദ്ദാക്കി.