കേട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നിയമസഭാ പ്രസംഗം ജീവനക്കാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ പങ്കുവച്ചതിന്റെ പേരില്‍ ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരെ കൂട്ടമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കൾക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധവും സംഘടനാ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു , ബോബിൻ വി.പി. എന്നിവരുൾപ്പെടെ 25 പേർക്കെതിരെയാണ് കേസ്. ഇതിൽ 10 ഓളം വനിതാ പ്രവർത്തകരും ഉണ്ട്. അന്യായമായി സംഘം ചേരൽ , കലാപ ആഹ്വാനം , സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതിപക്ഷനേതാവിന്റെ നിയമസഭാ പ്രസംഗം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. അത് പങ്ക് വച്ചതിന്റെ പേരിൽ സംഘടനാ പ്രവർത്തകരുടെ ജനാധിപത്യ അവകാശം തകർക്കുവാനും ഭയപ്പെടുത്തി ഭരിക്കുവാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കളക്ട്രേറ്റ് വളപ്പിൽ എല്ലാ വിഭാഗം ജീവനക്കാരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാറുളളതാണ്. എന്നാൽ ഇത്തരത്തിൽ കേസ് എടുക്കുന്നത് ആദ്യ സംഭവമാണെന്ന് ജീവനക്കാർ പറയുന്നു.