നിപ മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഒരാൾ ജീവിതത്തിലേക്ക് തിരികെ എത്തുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യ സംഭവം
കോഴിക്കോട്, 29 സെപ്തംബർ 2023: രണ്ട് ആഴ്ചയിലധികമായി ആധിയോടെ കാത്തിരുന്ന ആ നിമിഷം വന്നെത്തി. അകാലത്തിൽ മരണം കൊണ്ട് പോയ ഭർത്താവിനെ കുറിച്ചോർത്ത് വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു ആ മാതാവ്. നിപയിൽ നിന്ന് മുക്തനായെത്തിയ മകനെ വാരിപ്പുണരാൻ മനസ്സ് വെമ്പിയിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകരുടെ കർശന നിർദ്ദേശം ഉള്ളതിനാൽ മാറിനിന്ന് കാണുകയായിരുന്നു അവർ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണ് നിപ രോഗത്തിന്റെ ചരിത്രത്തിൽ അത്ഭുതം സൃഷ്ടിച്ച് രോഗമുക്തി നേടിയത്. ലോകത്ത് തന്നെ ആദ്യമായാണ് നിപ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സ തേടിയിരുന്ന ഒരാൾ രോഗമുക്തി നേടി മടങ്ങിയെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിപ ബാധിച്ച് ആദ്യം മരണപ്പെട്ട കുറ്റ്യാടി മരുതോങ്കര സ്വദേശിയുടെ ഒൻപത് വയസ്സുകാരനായ മകനും 25 വയസ്സുകാരനായ ഭാര്യാ സഹോദരനുമാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ രണ്ടാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി ലഭിച്ചത്. ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും ഇന്നലെ രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. ഇതോടെ മിംസിൽ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം രോഗം മാറിയെങ്കിലും രണ്ടാഴ്ച്ചക്കാലം കൂടി വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് ഇരുവർക്കും നൽകിയിട്ടുള്ള നിർദ്ദേശം.
ഒരു കൂട്ടം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രി മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നിപയിൽ ആശ്വാസത്തിനുള്ള വക ലഭിച്ചത്. ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ ഡോ. എ.എസ് അനൂപ് കുമാർ, കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ് സീനിയർ കൺസൾട്ടന്റ് ഡോ. കെ. സതീഷ് കുമാർ, പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ചികിത്സ തന്നെയായിരുന്നു രോഗികൾക്ക് ലഭ്യമാക്കിയിരുന്നത്. കൂടാതെ രാവും പകലും കുട്ടിക്കുവേണ്ടി സേവനങ്ങളൊരുക്കിയ നഴ്സിംഗ് ജീവനക്കാരാണ് പ്രശംസ അർഹിക്കുന്നതെന്നു പീഡിയാട്രിക് വിഭാഗം തലവൻ സുരേഷ് കുമാർ പറഞ്ഞു.
കൂടാതെ ചെയർമാൻ പദ്മശ്രീ ആസാദ് മൂപ്പൻറെ നിർദ്ദേശപ്രകാരം ചികിത്സാ ചിലവുകൾ ഹോസ്പിറ്റൽ ഏറ്റെടുക്കുന്നതായി ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പി യും പറഞ്ഞു.
സെപ്തംബർ ഒൻപതിനായിരുന്നു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരനെയും മാതൃ സഹോദരനെയും ആസ്റ്റർ മിംസിലേക്ക് കൊണ്ടുവന്നത്. ഓഗസ്റ്റ് അവസാനം കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തിൽ ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്. ഇത് ഗൗരവമുള്ള പകർച്ച വ്യാധിയാണോ എന്നായിരുന്നു ഡോ. സച്ചിത്തിനുണ്ടായ സംശയം. ഇക്കാര്യം ഉടൻ തന്നെ മിംസിലെ ഡോക്ടർമാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ആശയവിനിമയമായിരുന്നു രോഗം പടരാതിരിക്കാനും പിഴവില്ലാത്ത ചികിത്സ നൽകാനും സഹായിച്ചത്. ഇതോടെ രോഗികളെ എത്തിക്കുന്നതിന് മുൻപ് തന്നെ സുസജ്ജമാകാൻ മിംസ് അധികൃതർക്ക് കഴിഞ്ഞിരുന്നു. ആസ്റ്റർ മിംസ് എമർജൻസി ഡിപ്പാർട്മെന്റിന്റെ മികച്ച കരുതലിന്റെ തെളിവാണ് അവിടെ നിന്ന് ആർക്കും രോഗം പകരാതിരുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസങ്ങൾ ഏറെ നിർണായകമായിരുന്നു. ഡോ. സതീഷിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമായതോടെ ആരോഗ്യത്തിൽ കാണിച്ചു തുടങ്ങിയതോടെ നാലാം ദിവസം വെന്റിലേറ്റർ നീക്കം ചെയ്യുകയായിരുന്നു. ലോകത്ത് തന്നെ ആദ്യമായാണ് നിപ ബാധിച്ച് വെന്റിലേറ്ററിൽ ആയിരുന്നു ഒരു രോഗി ജീവിതത്തിലേക്ക് തിരികെ എത്തുന്നത്.
ഭർത്താവിന്റെ മരണമുണ്ടാക്കിയ വിടവ് നികത്താൻ കഴിയില്ലെങ്കിലും എട്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനയും പ്രിയ സഹോദരനും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് മരുതോങ്കര സ്വദേശിയായ യുവതി.
ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി എം എസ്. ഡോ. നൗഫൽ ബഷീർ, മോളികുലാർ ലാബ് മേധാവി ഡോ വിപിൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഷീലാമ്മ ജോസഫ് ഇൻഫെക്ഷൻ കണ്ട്രോൾ നഴ്സിംഗ് വിഭാഗം ഹെഡ് അന്നമ്മ, എമർജൻസി ടീമിനെ പ്രതിനിധീകരിച്ചു ഡോ ജിജിൻ ജഹാന്ഗീർ എന്നിവരും പങ്കെടുത്തു.