കോട്ടയം : ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമാക്കിയ ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കുവാനായി 3 വർഷമായി ബാങ്കിൽ കയറിയിറങ്ങിയിറങ്ങുന്നു . ഇങ്ങനെ നിരവധിയാളുകൾ തങ്ങളുടെ നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിനെ സമീപിക്കുമ്പോൾ പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളും പ്രതികരിക്കുന്ന മറുപടിയാണിത് . ഇത് കേട്ട് കേട്ട് മടുത്ത ഇരുപത്തഞ്ചോളം നിക്ഷേപകർ കഴിഞ്ഞ ദിവസം സംഘടിച്ച് ബാങ്കിലെത്തി കുത്തിയിരിപ്പ് സമരം നടത്തി . പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും ചെറുകിട വ്യാപാരികൾ , സ്ഥിര നിക്ഷേപകർ , ചിട്ടി തുക നിക്ഷേപിച്ചവർ , ഓണ ഫണ്ട് തുക അടച്ചവർ , പിഗ്മികളക്ഷൻ തുകയടച്ചവർ തുടങ്ങി നൂറ് കണക്കിനു നിക്ഷേപകരാണ് ഈ ബാങ്കിന്റെ തട്ടിപ്പിനിരയായിരിക്കുന്നത്. കോട്ടയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ നിഷേപകർ പരാതി സമർപ്പിച്ചിട്ടുണ്ട് . 12 ലക്ഷം രൂപ മുതൽ 630 രൂപ വരെ തിരികെ ലഭിക്കുവാനുള്ളവർ വരെ പരാതി നൽകിയവരിൽ ഉൾപ്പെടും . കുടുംബശ്രീ വായ്പ എടുത്തതുക നിക്ഷേപിച്ച സ്ത്രീകളും വഴിയോരക്കച്ചവടക്കാരും ഈ പരാതിയിൽ ഒപ്പു വച്ചിട്ടുണ്ട്.