കോട്ടയം : നമ്പർ പ്ളേറ്റ് ഇല്ലാതെ കറങ്ങി നടന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏറ്റുമാനൂർ ഐ ടി ഐയ്ക്ക് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗമാണ് ബൈക്ക് പിടിച്ചെടുത്തത്. നീണ്ടൂർ ഭാഗത്ത് നിന്നും എത്തിയ വാഹനത്തിന് മുൻ ഭാഗത്ത് നമ്പർ പ്ളേറ്റ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻ ഫോഴ്സ് മെൻ്റ് വിഭാഗം എം വി ഐ ബി അശാ കുമാർ , എ എം വി ഐ ജോർജ് വർഗീസ് എന്നിവർ വാഹനം തടഞ്ഞ് നിർത്തി. ഡീലർമാർ ഘടിപ്പിച്ച മുന്നിലെ നമ്പർ പ്ളേറ്റ് പൂർണമായും ഇളക്കി മാറ്റിയിരുന്നു. പിന്നിലെ നമ്പർ പ്ളേറ്റ് ആകട്ടെ എപ്പോൾ വേണമെങ്കിലും ഇളക്കി മാറ്റാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരുന്നത്. വാഹനം വാങ്ങുമ്പോൾ തന്നെ കടിപ്പിച്ചിരുന്ന അതി സുരക്ഷ നമ്പർ പ്ലേറ്റുകളാണ് ഇത്തരത്തിൽ ഇളക്കി മാറ്റിയത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റുന്നത് രജിസ്ട്രേഷൻ ചട്ടത്തിന്റെ ലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഇത്തരത്തിൽ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റുന്ന വാഹനങ്ങൾ ലഹരി കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതാണെന്ന് സംശയിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ആർടിഒ സി. ശ്യാം ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ഇത്തരത്തിൽ നിയമവിരുദ്ധമായ രീതിയിൽ നമ്പർപ്ലേറ്റ് ഇളക്കി മാറ്റുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും എന്നും എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ അറിയിച്ചു. വരുംദിവസങ്ങളിലും ഇത്തരം വാഹനങ്ങളെ കണ്ടെത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് തുടരും.