കോട്ടയം: എമ്പൂരാൻ വിവാദം കലയെ സ്‌നേഹിക്കുന്ന സാധാരണക്കാരായ ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നതാണെന്ന് എൻ.വൈ.സി (എസ്) ജില്ലാ പ്രസിഡന്റ് പി.എസ് ദീപു. തികച്ചും ഭാവനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി പുറത്തിറക്കിയ ഒരു സിനിമയിൽ അടയാളപ്പെടുത്തിയ കാര്യങ്ങൾ തങ്ങൾക്ക് അനഭിമതമാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി, സൈബർ ആക്രമണം നടത്തി തിരുത്താൻ ശ്രമിക്കുന്നത് തികഞ്ഞ ഫാസിസമാണ്. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഇത്. രാജ്യത്ത് നടന്ന ഒരു സംഭവത്തെ തന്റെ ഭാവനയിലൂടെ ഒരു കലാകാരൻ സിനിമയിൽ വരച്ചു കാട്ടുകയാണ് ചെയ്തത്. ഇത് ചരിത്രമോ, നടന്ന സംഭവത്തിന്റെ നേർസാക്ഷ്യമോ അല്ല. എന്നാൽ, അത്തരത്തിലുള്ള ഭാവനാ സൃഷ്ടിയെപ്പോലും ഭയപ്പെടുന്ന സമൂഹമാണോ രാജ്യം ഭരിക്കുന്നത്. ഇത്തരത്തിൽ തങ്ങൾക്കിഷ്ടമില്ലാത്ത എന്തിനെയും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാമെന്ന ശ്രമം ജനാധിപത്യ രാജ്യത്ത് നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാൻ വിവാദം ഭയപ്പെടുത്തുന്നത്; കലാകാരന്മാരെ ഭീഷണിപ്പെടുത്തി സിനിമയെ പോലും ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ആപത്ത്: എൻ.വൈ.സി (എസ്) ജില്ലാ പ്രസിഡന്റ് പി.എസ് ദീപു
