കോട്ടയം: ഓപ്പറേഷൻ ഷൈലോക്കിന്റെ ഭാഗമായി ഗാന്ധിനഗർ പൊലീസ് നടത്തിയ പരിശോധനയിൽ ബ്ലേഡ് ഇടപാടുകാരൻ പിടിയിൽ. ആർപ്പൂക്കര സ്വദേശിയായ ഇയാളുടെ വീട്ടിൽ നിന്നും 20 ലക്ഷം രൂപയും പൊലീസ് സംഘം കണ്ടെത്തി. ആർപ്പൂക്കര പനമ്പാലം ജംഗ്ഷനിൽ കട നടത്തുന്ന ആർപ്പൂക്കര അങ്ങാടിപ്പള്ളിയ്ക്കു സമീപം ഓട്ടയ്ക്കൽ വീട്ടിൽ എ.കമാലിനെയാണ് (50) ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും പണവും രേഖകളും പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി പൊലീസിന്റെ നേതൃത്വത്തിൽ അനധികൃത ബ്ലേഡ് പണമിടപാടുകാരെ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് കമാലിന്റെ വീട്ടിലും പൊലീസ് സംഘം പരിശോധന നടത്തിയത്. അലമാരയിൽ കെട്ടു കെട്ടായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയാണ് പൊലീസ് സംഘം പരിശോധനയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ നാലു ബൈക്കുകളും, ഇന്നോവ കാറും ഇയാൾ പണയം പിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്നും മുദ്രപത്രങ്ങളും, പ്രോമിസറി നോട്ടുകളും, ചെക്കുകളും, നിരവധി ആധാരങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. ഇതേ തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരമാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് സംഘം കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിലൂടെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്നാണ് വിവരം. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.