അബുദാബി: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന് ചലഞ്ചുമായി യു.എ.ഇ. യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം റാക് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ വെയിറ്റ് ലോസ് ചലഞ്ച്(പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക് കുറച്ച ഓരോ കിലോയ്ക്കും 500 ദിർഹം (പതിനായിരം ഇന്ത്യൻ രൂപ) നേടാനുള്ള അവസരമാണ് റാക് ബിഗ്ഗസ്റ്റ് വെയിറ്റ് ലോസർ ചലഞ്ചിലൂടെ ലഭിക്കുന്നത്. ഡിസംബർ 17 മുതലാണ് 10 ആഴ്ചത്തെ ചലഞ്ച് ആരംഭിക്കുന്നത്. വേൾഡ് ഒബീസിറ്റി ദിനമായ 2022 മാർച്ച് നാല് വരെ ചലഞ്ച് നീണ്ടു നിൽക്കും. . ഡിസംബർ 17 മുതൽ 19 വരെയുള്ള കാലയളവിൽ, ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ സഹായത്തോടെ ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ ഭാരം അളക്കും. അതിന് ശേഷമാണ് ഇവരുടെ പേരുകൾ ചലഞ്ചിലേക്ക് രജിസ്റ്റർ ചെയ്യുക. ആശുപത്രിയിലെത്തി ഭാരം അളക്കാൻ കഴിയാത്തവർക്ക് വെർച്വലായും ഇതിന്റെ ഭാഗമാകാം. ഇവർക്ക് അടുത്തുള്ള ക്ലിനിക്കുകളിൽ ഭാരം അളന്ന് മത്സരത്തിന്റെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ഫോം അപ്ലോഡ് ചെയ്യാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോർപ്പറേറ്റ് ടീംസ് ചലഞ്ച് കാറ്റഗറിയിലൂടെയും പങ്കെടുക്കാം. കാഷ് പ്രൈസുകൾ, സ്റ്റേക്കേഷൻ, ഹെൽത്ത് ആൻഡ് ഹോളിഡേ പാക്കേജുകൾ, ഭക്ഷണ വൗച്ചറുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് കാറ്റഗറികളിലും വിജയിക്കുന്നവരെ പുരസ്‌കാരദാന ചടങ്ങിൽ അനുമോദിക്കും. ആകെ അഞ്ച് വിജയികളെയാണ് തിരഞ്ഞെടുക്കുക. ഫിസിക്കൽ, വെർച്വൽ കാറ്റഗറികളിൽ നിന്ന് ഓരോ പുരുഷനും സ്ത്രീയും വീതവും, കോർപ്പറേറ്റ് ടീമിൽ നിന്ന് ഒരു വിജയിയെയുമാണ് തിരഞ്ഞെടുക്കുന്നത്.