തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഓണ്‍ലൈന്‍ ആയാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇതില്‍ പങ്കെടുക്കാം.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികില്‍സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതിതക്കും ആരോഗ്യ വകുപ്പ് രൂപം നല്‍കി. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് പറഞ്ഞ മന്ത്രി സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കാനുള്ള പദ്ധതി ഊര്‍ജിതമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജീവിതശൈലി രോഗമുള്ളവര്‍ക്കും കിടപ്പു രോഗികള്‍ക്കും കോവിഡ് വരാതെ നോക്കേണ്ടത് ഒരു ആവശ്യകതയാണ്. അതിനുള്ള അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതാണ്.പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികള്‍. ഇവര്‍ക്ക് കോവിഡ് വന്നുകഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയര്‍ രോഗികളുടെ പ്രത്യേക ശ്രദ്ധക്കായി എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പിഎസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഷീജ സുഗുണന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവര്‍ ക്‌ളാസുകളെടുക്കും.