കോട്ടയം : അനിയന്ത്രിതമായ ജനക്കൂട്ടം വിലാപയാത്രയിലേക്കും പൊതുദർശന ചടങ്ങിലേക്കും ഒഴുകിയെത്തുന്നതിനാൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ അടക്കം മാറ്റം വരുത്തി. ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയിൽ രാത്രി ഏഴരയ്ക്ക് പ്രാർത്ഥനകളും ആരംഭിക്കും. പുതുക്കിയ സമയക്രമം ഇങ്ങനെ.
തിരുനക്കര മൈതാനത്ത് നിന്ന് പുതുപ്പള്ളി തറവാട്ടിലേയ്ക്കുള്ള വിലാപയാത്ര ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്നതിനാണ് പുതിയ തീരുമാനം. നാലു 30ന് തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് പൊതുദർശനത്തിനായി ഭൗതിക ദേഹം എത്തിക്കും. ആറരയ്ക്ക് പൊതുദർശനത്തിനുശേഷം പുതിയ വീട്ടിൽ പ്രാർത്ഥന നടക്കും. ഏഴുമണിക്ക് പുതിയ വീട്ടിൽ നിന്നും പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ദേഹം കൊണ്ടുപോകും. തുടർന്ന് രാത്രി 7:30ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായി ഉള്ള പ്രാർത്ഥനകൾ ആരംഭിക്കും. ഇതിനുശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക. എന്നാൽ തിരുനക്കരയിൽ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ചടങ്ങുകളിൽ വീണ്ടും മാറ്റം വരുത്തിയേക്കും എന്നാണ് സൂചന.