കോട്ടയം: ഉമ്മൻ ചാണ്ടി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഭരണാധികാരിയും നേതാവും ആയിരുന്നു എന്ന് നാട്ടകം സുരേഷ് പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനത്തിന് വേഗം കൂട്ടിയതും പാവങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ലഭിച്ചതും അദ്ദേഹത്തിൻ്റെ ഭരണ കാലത്താണ്. സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്മൃതി സായാഹ്നം ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെറ്റ് ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ, സെറ്റോ മുൻ ജില്ലാ ചെയർമാൻമാരായ ഇ.എൻ. ഹർഷകുമാർ , ബി മോഹനചന്ദ്രൻ , അംഗ സംഘടനാ നേതാക്കളായ മഹേഷ് എൻ. , ബോബിൻ വി .പി, എസ് ബിനോജ്, സതീഷ് ജോർജ് ,വർഗീസ് ആൻ്റ്ണി , ജേക്കബ് ചെറിയാൻ , സോജോ തോമസ് , ഷൈജ ബി. എൽ. , ജില്ലാ കൺവീനർ ബാലമുരളി എന്നിവർ പ്രസംഗിച്ചു.