കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഒരു വശത്തെ നാല് വീൽനട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്തു ദുരൂഹത നീക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്.