കോട്ടയം: ഓണം ബമ്പർ ലോട്ടറി തട്ടിപ്പിലെ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി കോട്ടയം വെസ്റ്റ് പൊലീസ്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിലെ ഫുട്പാത്തിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന ആന്ധ്ര ചിറ്റൂർ സ്വദേശിയായ അയൂബിന്റെ ലോട്ടറികളാണ് മോഷണം പോയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ലോട്ടറികൾ പ്രതി തട്ടിയെടുത്തത്. സംഭവത്തിൽ തട്ടിപ്പിന് ഇരയായ ആയൂബ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്ററിൽ എത്തി പ്രശ്നമുണ്ടാക്കിയതായും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് സംഘം തീയറ്ററിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.