നീണ്ടൂർ: അനധികൃതമായി പുഞ്ചപ്പാടം നികത്തിയ ഭൂമിയിലാണ് ഓണംതുരുത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതെന്ന് കോൺഗ്രസ് ആരോപണം. നിലം നികത്താൻ വ്യാജ റിപ്പോർട്ട് നൽകിയതിന് കൈക്കൂലിയായി ലഭിച്ച എട്ട് സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കാൻ റവന്യൂ മന്ത്രി കെ രാജൻ കല്ലിടുന്നത്.
നീണ്ടൂർ പഞ്ചായത്ത് പ്രാവട്ടത്തിന് പടിഞ്ഞാറുള്ള ചാത്തങ്കരി പുഞ്ചപാടശേഖരത്തിൽ 3 ഏക്കറോളം ഭൂമി ഇതിൻ്റെ മറവിൽമണ്ണിട്ട് ഉയർത്തി.
രണ്ട് സർവ്വേ നമ്പരിലായി 39.80ആർ സ്ഥലം തരം മാറ്റാൻ ഉടമസ്ഥർ നൽകി.






അപേക്ഷയിൽ പരിശോധ നടത്തിയ ഉദ്യോഗസ്ഥർ തരം മാറ്റാൻ അപേക്ഷ നൽകിയ ഭൂമിയുടെ സമീപത്ത്, നീർച്ചാലുകളോ, തണ്ണീർതടങ്ങളോ, നെൽപ്പാടങ്ങളോ ഇല്ലായെന്ന വ്യാജ റിപ്പോർട്ട് നൽകി. ഇതിൻ്റെ മറവിലാണ് 3 ഏക്കർ വരുന്ന പുഞ്ചപ്പാടം നികത്തിയത്. നികത്തുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നും ഈ ഭൂമിയോട് ചേർന്ന് തണ്ണീർതടങ്ങളും, പണ്ട് ബോട്ട് അടുത്തിരുന്ന വലിയ തോടും, നെൽപ്പാടങ്ങളും ഉണ്ട്. ഇങ്ങനെ കള്ള റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ പ്രതിഫലമാണ് 8 സെൻ്റ് ഭൂമി സർക്കാരിന് നൽകിയത്.
കേരള ചരിത്രത്തിൽ ആദ്യമായി സർക്കാർ നേരിട്ട് വാങ്ങിയ കൈക്കൂലിയാണ് 8 സെൻ്റ് സ്ഥലമെന്നും കോൺഗ്രസ് ആരോപിച്ചു.
നെൽവയൽ സംരക്ഷണം സംബന്ധിച്ച് നിലപാടുണ്ടെങ്കിൽ നിലം നികത്തുമായി ബന്ധപ്പെട്ട സംഗതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും, ചടങ്ങിൽ നിന്ന് വിട്ടു നിൽക്കണമെന്നും, അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മറ്റി അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിനു ജോൺ അദ്ധ്യക്ഷനായ യോഗം ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.