ഓൺലൈൻ വഴി തട്ടിയെടുത്തത് 17 ലക്ഷം രൂപ ; കാസർഗോഡ് സ്വദേശിയായ യുവതി പിടിയിൽ

മുഹമ്മ: മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ ഓണ്‍ലൈൻ തട്ടിയെടുത്ത കേസില്‍ കാസർകോട് സ്വദേശിയായ യുവതി പിടിയില്‍. തൃക്കരിപ്പൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡില്‍ കൈക്കോട്ട് കടവ് എസ് പി ഹൗസില്‍ ഫർഹത്ത്‌ ഷിറിൻ (31) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡില്‍ കരിപ്പെവെളി സിറില്‍ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാങ്കില്‍ നിന്നും 6 പേരാണ് അവരവരുടെ പേരില്‍ പണം പിൻവലിച്ചത്. ഗുജറാത്ത് സ്വദേശിയായ ഒരു സ്ത്രീ പിൻവലിച്ച 4 ലക്ഷം രൂപ ഇപ്പോള്‍ അറസ്റ്റിലായ ഫർഹത്ത്‌ ഷിറിന്റെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ ഇവർ പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മുഹമ്മ എസ്.എച്ച്‌.ഒ കെ.എസ്.വിജയൻ, എസ്.ഐ മനോജ്‌ കൃഷ്ണൻ, എ.എസ്.ഐ സുമ, സി.പി.ഒമാരായ രാംലാല്‍, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Hot Topics

Related Articles