കോട്ടയം: ഗവൺമെൻറ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡി.ഐ.ജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 9 കേസുകൾ.
ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിൽ, നിരവധി തീറാധാരം,ബ്ലാങ്ക് ചെക്കുകൾ,കാഷ് ചെക്കുകൾ,ആർസി ബുക്കുകൾ ,വാഹനങ്ങളുടെ സെയ്ൽ ലെറ്ററുകൾ,മുദ്ര പത്രങ്ങൾ,
റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകൾ,പാസ്‌പോർട്ടുകൾ, വാഹനങ്ങൾ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കൽ വീട്ടിൽ അബ്ദുൾ റസാക്ക് മകൻ 50 വയസ്സുള്ള കമാൽ എ. എന്നയാളുടെ വീട്ടിൽ നിന്നു മാത്രമായി അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 2007400/( ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ) രൂപയും, നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗർ പോലീസ് പിടിച്ചെടുത്തു. പനംപാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാൽ ഇതിൻറെ മറവിലാണ് പണമിടപാടുകൾ നടത്തി വന്നിരുന്നത്.
കാഞ്ഞിരപ്പള്ളിയിൽ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയിൽ വീട്ടിൽ തോമസ് മകൻ സജിമോൻ തോമസ് എന്നയാളുടെ വീട്ടിൽ നിന്നും അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 93500/രൂപയും നിരവധി അനധികൃത പണയരേഖകളും കാഞ്ഞിരപ്പള്ളി പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.