പാരിസ്: ഇന്ത്യയ്ക്ക് ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടമായെങ്കിലും അത് ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ വെടിവെച്ചിട്ടതല്ലെന്ന് റഫാല്‍ വിമാനങ്ങള്‍ നിർമ്മിക്കുന്ന ദസോ ഏവിയേഷൻ കമ്ബനി ചെയർമാനും സിഇഒയുമായ എറിക് ട്രാപിയർ. സാധാരണയിലും കവിഞ്ഞ ഉയരത്തില്‍ പറക്കുകയായിരുന്ന റഫാല്‍ വിമാനമാണ് സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടതെന്ന് ട്രാപിയറെ ഉദ്ധരിച്ച് ഫ്രഞ്ച് വെബ്സൈറ്റായ അവിയോണ്‍ ഡി ഷാസ് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനുമായുള്ള സംഘർഷത്തില്‍ ഇന്ത്യക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ദസോ ചെയർമാൻ തള്ളിയത്. ഇന്ത്യ- പാക് സംഘർഷത്തില്‍ വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രാപിയർ ഉറപ്പിച്ചു പറയുന്നു. 12,000 മീറ്ററിലധികം ഉയരത്തില്‍വെച്ച് പരിശീലനത്തിനിടെയാണ് ഒരു വിമാനം നഷ്ടപ്പെട്ട സംഭവം നടന്നതെന്നും ഇതില്‍ ശത്രുക്കളുടെ ഇടപെടലോ റഡാറില്‍ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താൻ മാധ്യമങ്ങള്‍ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍, റഫാലിനെ നേരിട്ടു പരാമർശിക്കാതെ ചില നഷ്ടങ്ങള്‍ ഉണ്ടായെന്ന് ഇന്ത്യ സമ്മതിച്ചിരുന്നു.
ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാല്‍, എന്താണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. റഫാലുകള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം തീർത്തും തെറ്റാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനിടെ ചില നഷ്ടങ്ങള്‍ സംഭവിച്ചതായി ഇന്തോനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെ നേവി ക്യാപ്റ്റൻ ശിവ് കുമാർ സമ്മതിച്ചിരുന്നു. ചില വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നു താൻ സമ്മതിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നാല് ദിവസത്തെ സംഘർഷത്തിനിടെ ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് നെറ്റ്വർക്ക് 18-നോട് സ്ഥിരീകരിച്ചു. ”നിങ്ങള്‍ ‘റഫാലുകള്‍’ എന്ന് ബഹുവചനത്തില്‍ ഉപയോഗിച്ചു, അത് തീർത്തും ശരിയല്ലെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും.” സംഘർഷത്തില്‍ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാലിന്റെ പോരാട്ടശേഷിയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതില്‍ ചൈന പ്രധാന പങ്ക് വഹിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു.