തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വമ്ബൻ അട്ടിമറിക്ക് ബി.ജെ.പി ഒരുങ്ങുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോര്‍ട്ട്. എം.എല്‍.എമാര്‍ ഉള്‍പ്പെടെ 22 പേരെ അടര്‍ത്തിയെടുക്കാനാണ് ബി.ജെ.പി നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു അട്ടിമറി നീക്കത്തിന് ‘ഓപ്പറേഷൻ നീലത്താമര’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പട്ടികയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള രണ്ട് എംഎൽഎമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. രണ്ടു പേരും പ്രതിപക്ഷ കക്ഷികളിലെ എംഎൽഎമാരാണ്. ജില്ലയിൽ തങ്ങളുടെ പാർട്ടികളിലെ എകാംഗ എംഎൽഎമാരാണ് രണ്ടു പേരും. ഇവരെ രണ്ടു പേരെ അടർത്തിയെടുത്ത് ജില്ലയിലും സാന്നിധ്യം ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
അടുത്തത് കേരളമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തുറന്നു പറഞ്ഞതും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ മനസ്സറിഞ്ഞാണ്. പ്രധാനമന്ത്രിയുടെ ഈ പരസ്യ പ്രസ്ഥാവനയ്ക്കു ശേഷമാണ് സംസ്ഥാന ഇന്റലിജൻസ് ഇത്തരമൊരു റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരിക്കുന്നത്. ജനകീയരായ നേതാക്കള്‍ ഇല്ലാത്ത ദൗര്‍ബല്യം പരിഹരിക്കാൻ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പി ലക്ഷ്യമിട്ടു എന്ന വാര്‍ത്തകള്‍ മുൻപ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇതു സംബന്ധമായി ഇന്റലിജൻസ് റിപ്പോര്‍ട്ട് നല്‍കുന്നത് ഇതാദ്യമാണ്. വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടായി തന്നെ ഇതിനെ നാം വിലയിരുത്തേണ്ടതുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിര്‍ത്തി ഇതിനകം തന്നെ ബി.ജെ.പി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 4 സീറ്റുകളാണ് കേരളത്തില്‍ ലക്ഷ്യമിടുന്നതെന്നു ദേശീയ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു സീറ്റുകളിലാണ് അവര്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. അതില്‍ ഒന്ന് തിരുവനന്തപുരവും മറ്റേത് തൃശൂരുമാണ്.
തൃശൂരില്‍ സുരേഷ് ഗോപി തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞാല്‍ കൂടുതല്‍ യു.ഡി.എഫ് നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് ദേശീയ നേതൃത്വം കണക്കു കൂട്ടുന്നത്. ഇതിനു പുറമെ, വിവിധ ഹൈന്ദവ സംഘടനകളെ ഒപ്പം നിര്‍ത്തി ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കാൻ കഴിയുമോ എന്നതും ബി.ജെ.പി തീവ്രമായി തന്നെ ശ്രമിക്കുന്നുണ്ട്. ഇതു സംബന്ധമായ ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നേരിട്ട് പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം മുസ്ലീംലീഗ് പിളരുമെന്നും ഇതില്‍ ഒരുവിഭാഗം ഇടതുപക്ഷത്ത് എത്തുമെന്നുമാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. അത്തരമൊരു നീക്കം ഒരു വിഭാഗം ഹൈന്ദവ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി തിരിയാൻ വഴിവയ്ക്കുമെന്നതാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. ഇത്തരമൊരു കണക്കു കൂട്ടലിലാണ് ബി.ജെ.പി നേതൃത്വം മുന്നോട്ടു പോകുന്നത്. പിണറായിക്കു ശേഷം സി.പി.എം. ആരെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക എന്ന ചോദ്യവും അവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വി.എസിനും പിണറായിക്കും ശേഷം നയിക്കാൻ ജനകീയ പിന്തുണയുള്ള ഏത് നേതാവ് സി.പി.എമ്മിനുണ്ട് എന്ന ചോദ്യം സൈബര്‍ ഇടങ്ങളില്‍ ഇപ്പോള്‍ തന്നെ ബി.ജെ.പിയും യു.ഡി.എഫും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
നേതാവല്ല, പ്രത്യയ ശാസ്ത്രമാണ് തങ്ങളെ നയിക്കുന്നതെന്ന’ മറുപടിയാണ് ഇതിന് സി.പി.എം. അണികളും നല്‍കി വരുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച് മറ്റു പാര്‍ട്ടികളിലെ പോലെ വ്യക്തികള്‍ ഒരു ഘടകമല്ലന്നത് ഒരു വസ്തുതയാണ്. അതേസമയം, സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് രാഷ്ട്രീയ വിദ്യാഭ്യാസം അന്യമായ ഒരു തലമുറ ആധിപത്യം പുലര്‍ത്തുമ്ബോള്‍ ഉയര്‍ത്തിക്കാട്ടാൻ ജനകീയനായ ഒരു നേതാവ് ഏത് മുന്നണിയെ സംബന്ധിച്ചും അനിവാര്യം തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കേരളത്തില്‍ ഇടതുപക്ഷത്തിന് നേട്ടം ഉണ്ടാകും. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റില്‍ നിന്നും 15 സീറ്റുകള്‍ വരെയായി ആ നേട്ടം ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല.
മത ന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കേരളത്തില്‍ ഏക സിവില്‍ കോഡ് വിഷയം സി.എ.എ വിഷയം പോലെ തന്നെ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ഇടതു ബുദ്ധിജീവികളും ചൂണ്ടിക്കാട്ടുന്നത്. അതിരു കടന്ന ആത്മവിശ്വാസമായി ഇതിനെ വിലയിരുത്താൻ കഴിയില്ലങ്കിലും സി.പി.എമ്മും പിണറായി സര്‍ക്കാറും വളരെ സൂക്ഷിച്ചു മുന്നോട്ടു പോകേണ്ട രാഷ്ട്രീയ സാഹചര്യം നിലവില്‍ കേരളത്തിലുണ്ട്. സൈബര്‍ ഇടങ്ങളിലും കുത്തക മാധ്യമ മേഖലയിലും ഇടതുപക്ഷ വിരുദ്ധര്‍ക്കാണ് മേധാവിത്വമുള്ളത്. ‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് നേരായി ജനങ്ങള്‍ വിശ്വസിക്കുമെന്ന’ ഗീബല്‍സിന്റെ തന്ത്രമാണ് കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ ക്യാംപുകള്‍ പടച്ചു വിടുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെങ്കില്‍ അത് എതിരാളികള്‍ക്കാണ് നേട്ടമായി മാറുക.
സൈബര്‍ ഇടം എങ്ങനെ ഉപയോഗിക്കണമെന്നത് കൃത്യമായി ബി.ജെ.പിക്ക് അറിയാം. അതുകൊണ്ടു തന്നെയാണവര്‍ ദേശീയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഓണ്‍ലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചിരുന്നത്. കോണ്‍ഗ്രസ്റ്റും മുസ്ലീംലീഗും സമാനമായ നീക്കമാണ് നിലവില്‍ നടത്തുന്നത്. ഒരു മൊബൈല്‍ ഫോണ്‍ കൈവശമുള്ള ഏതൊരാളും മാധ്യമ പ്രവര്‍ത്തകനായി മാറുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയ വഴി പടച്ചു വിടുന്ന പ്രചരണങ്ങളെ കൃത്യമായി പ്രതിരോധിച്ചില്ലങ്കില്‍ ഏത് ശക്തമായ പാര്‍ട്ടിയാണെങ്കിലും ചിലപ്പോള്‍ സമ്മര്‍ദ്ദത്തിലായി പോകും. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്ന ഗീബല്‍സിന്റെ പിൻമുറക്കാര്‍ അനവധിയുള്ള നാടാണ് കേരളം. ആ നുണകള്‍ ഏറ്റാല്‍ വലിയ വിലയാണ് ഇവിടുത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികളും നല്‍കേണ്ടി വരിക.
പണ്ട് ജര്‍മ്മനിയിലെ നിയമനിര്‍മാണസഭയായ റീഷ്സ്റ്റാഗ് കെട്ടിടത്തിന് കമ്യൂണിസ്റ്റുകള്‍ തീവച്ചതായാണ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സ് പ്രചരിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ പോലും സങ്കല്‍പ്പിച്ചിട്ടില്ലാത്തതായിരുന്നു ഇത്തരമൊരു സംഭവം. പക്ഷേ, ജനങ്ങള്‍ അതും വിശ്വസിച്ചു. ഹിറ്റ്ലര്‍ എന്ന ഭരണാധികാരി സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമാണെന്നായിരുന്നു ഗീബല്‍സ് ജനങ്ങളെ തെറ്റായി ധരിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് റീഷ്സ്റ്റാഗിന് തീവച്ചെന്നാരോപിച്ച് ഹിറ്റ്ലര്‍ കമ്യൂണിസ്റ്റുപാര്‍ടിയെ നിരോധിച്ചിരുന്നത്. തുടര്‍ന്ന് പാര്‍ടി നേതാക്കളെ ഒന്നടങ്കം ജയിലിലടക്കുകയും ചെയ്തു.