ന്യൂഡൽഹി:പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂര്‍’ പുലര്‍ച്ചെ ഒരു മണിക്ക് നടത്തിയത് പിന്നിലെ കാരണങ്ങള്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാൻ വ്യക്തമാക്കി.ഇരുട്ടിലും വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും, സിവിലിയന്‍ അപകടസാധ്യത പൂര്‍ണമായി ഒഴിവാക്കുന്നതിലും വിശ്വാസമുണ്ടായതിനാലാണ് പുലര്‍ച്ചെ സമയം തിരഞ്ഞെടുക്കിയത്. പുലര്‍ച്ചെ 5.30-6 മണിയോടെയായിരുന്നു ഏറ്റവും അനുകൂലമായ സമയം. എന്നാല്‍ അത് മുസ്ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാസമയമായതിനാല്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കുമെന്ന ഭയം ഒഴിവാക്കാനാണ് 1 മണിക്ക് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധരംഗത്ത് പുതിയൊരു അധ്യായം തുറന്നുവെന്നും കര, കടല്‍, ആകാശം എന്നീ പരമ്പരാഗത മേഖലകള്‍ക്കപ്പുറം സൈബര്‍, ഇലക്‌ട്രോമാഗ്നറ്റിക്, ബഹിരാകാശ മേഖലകളിലും ഇന്ത്യ തന്റെ ശക്തി തെളിയിച്ചുവെന്നും ജനറല്‍ ചൗഹാൻ വ്യക്തമാക്കി.
രാത്രിയില്‍ ദീർഘദൂര ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു, എന്നാല്‍ എല്ലാ ഘട്ടങ്ങളിലും പാകിസ്താനെ നിര്‍ണായകമായി പരാജയപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉറി, ബാലക്കോട്ട് ആക്രമണങ്ങളില്‍ കര-വ്യോമസേനകളെ മാത്രമാണ് വിനിയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പുതുതായി കൈവശപ്പെടുത്തിയ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശത്രുവിനെ അപ്രതീക്ഷിതമായി ആക്രമിച്ചത്. ഇന്നത്തെ പോരാട്ടങ്ങളെ നാളെയുടെ സാങ്കേതികവിദ്യയിലൂടെ നേരിടേണ്ടി വരും എന്ന തിരിച്ചറിവ് ഇന്ത്യയ്ക്ക് ശക്തമായ മുന്നൊരുക്കം നല്‍കിയതായും അദ്ദേഹം പറഞ്ഞു.ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് സൈനിക നടപടി നടന്നത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഭാഗമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകരകേന്ദ്രങ്ങളും ലോഞ്ച്പാഡുകളും കൃത്യമായ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്തു.