ഓപ്പറേഷൻ സിന്ദൂർ പാഠ്യ വിഷയമാക്കാൻ കേന്ദ്ര സർക്കാർ; മൂന്നാം ക്ലാസ് മുതലുള്ള പുസ്തകങ്ങളിൽ ഉൾപ്പെടുത്തും

ദില്ലി: ഓപ്പറേഷൻ സിന്ദൂർ പാഠ്യ വിഷയമാക്കാൻ കേന്ദ്ര സർക്കാർ. മൂന്നാം ക്ളാസ് മുതലുള്ള പുസ്തകങ്ങളിൽ ഓപ്പറേഷൻ സിന്ദൂറും ഉൾപ്പെടുത്തും. ഓപ്പറേഷന്‍ സിന്ദൂറില്‍ നാളെയും മറ്റന്നാളുമായി പാര്‍ലമെന്‍റില്‍ ചര്‍ച്ച തുടങ്ങാനിരിക്കെയാണ് തീരുമാനം. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി എൻസിഇആർടി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഒരു പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Advertisements

മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഒൻപത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമായി രണ്ട് മൊഡ്യൂൾ ആണ് തയ്യാറാക്കുക. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ 8 മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം. രാജ്യം എങ്ങനെയാണ് തീവ്രവാദത്തെ നേരിടുന്നതെന്നും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിരോധ സേനകൾ, നയതന്ത്രം എന്നിവയുടെ നിർണായക പങ്ക് എന്തെന്നും വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 22-ന് ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഈ പ്രത്യാക്രമണം ഇരു രാജ്യങ്ങളും തമ്മിൽ നാല് ദിവസത്തെ സംഘർഷത്തിൽ കലാശിച്ചു. 

ഓപ്പറേഷന്‍ സിന്ദൂറില്‍ നാളെയും മറ്റന്നാളുമായി പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും.പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇരുസഭകളിലും മറുപടി നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, അനുരാഗ് താക്കൂര്‍ എംപി തുടങ്ങിയവര്‍ ഭരണപക്ഷത്ത് നിന്ന് സംസാരിക്കും. ജെഡിയു, ടിഡിപി എംപിമാരും ചര്‍ച്ചയില്‍ സംസാരിക്കും. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന് നേതൃത്വം നല്‍കും.

അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷത്ത് നിന്ന് സംസാരിക്കും. 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ച. പഹൽഗാമിലെ ഇന്‍റലിജന്‍സ് വീഴ്ച, മധ്യസ്ഥനായെന്ന ട്രംപിന്‍റെ അവകാശവാദം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

Hot Topics

Related Articles