തിരുവനന്തപുരം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര മാതൃകാപരമാണെന്നും, നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികളുമായി രാജ്ഭവനിൽ നടത്തിയ കൂടിക്കാഴ്‌ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഉൾപ്പടെ കെണിയിൽ അകപ്പെടുത്തുന്ന തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം നമ്മുടെ യുവാക്കളാണ് മുൻപിൽ നിന്ന് നയിക്കേണ്ടത്. താൻ ഉൾപ്പെടുന്ന മുതിർന്ന തലമുറ അതിനോടൊപ്പം പൂർണമനസോടെ ഒപ്പം ഉണ്ടാവുമെന്നും യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ യാത്രക്ക് നൽകിയ ‘മൈൽസ് വിത്ത്‌ഔട്ട് മിസ്റ്റേക്സ്’ എന്ന പേര് ഏറെ ഹൃദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദ്ദേശപ്രകാരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഡ്രഗ്സിറ്റ് പദ്ധതിയെ കുറിച്ചും യുവജനപ്രസ്ഥാനത്തിന്റെ യൂണിറ്റുകളെ കൂടി ഉൾപ്പെടുത്തി നടപ്പാക്കാൻ ആഗ്രഹിക്കുന്ന രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു. സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച അനുഭവങ്ങളും വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.