കോട്ടയം : സർക്കാർ ഉത്തരവ് തള്ളി കോട്ടയത്തെ സ്വകാര്യ കോളേജ്. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ക്ലാസുകൾ നടത്തരുതെന്ന സർക്കാർ ഉത്തരവാണ് പാലായിലെ സ്വകാര്യ കോളേജ് ലംഘിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ കോളേജിൽ എത്തണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ് കോട്ടയം പാലാ സെന്റ് ജോസഫ് കോളേജ് അധികൃതർ. കൊടും ചൂടിൽ തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ഇന്നലെയാണ് സർക്കാർ നിർദ്ദേശം നൽകിയത് എന്നാൽ ഈ ഉത്തരവ് ധിക്കരിച്ച് കോളേജ് അധികൃതർ ക്ലാസുകൾ നടത്തുകയായിരുന്നു. ദേശീയ അക്രഡിറ്റേഷൻ ബോർഡിൻ്റെ സന്ദർശനം ഉണ്ടെന്നുള്ള വിശദീകരണമാണ് കോളേജ് അധികൃതർ നൽകുന്നത്.
സംസ്ഥാനത്തും ജില്ലയിലും സൂര്യാഘാതമേറ്റ് മരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് ഓരോ ജില്ലകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കോളേജുകൾ പ്രവർത്തിക്കരുത് എന്ന് സർക്കാർ നിർദ്ദേശം. എന്നാൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡിൻ്റെ പേര് പറഞ്ഞ് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്കായ് സർക്കുലർ ഇറക്കുകയായിരുന്നു.