പാലാ: മദ്യലഹരിയിലുണ്ടായ സംഘർഷത്തെ തുടർന്നു മേലുകാവ് ഞീഴൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തെ തുടർന്ന് മർദനമേറ്റാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഘർഷം കണ്ട് നാട്ടുകാർ വിളിച്ചിട്ടും മേലുകാവ് പൊലീസ് സംഘം സ്ഥലത്ത് എത്താൻ വൈകിയതായി പരാതി ഉയർന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവമെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികളായ രണ്ടു പേർ ചേർന്ന് കുഞ്ഞുമോനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചു. ഫോൺ വിളിയെത്തി അരമണിക്കൂറിന് ശേഷമാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, മർദനമേറ്റ കുഞ്ഞുമോനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരണം സംഭവിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസികളായ രണ്ടു പേരെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. രാത്രിയിലുണ്ടായ സംഭവത്തിന്റെ കൃത്യമായ രൂപം ലഭിക്കുന്നതിനായി പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, നാട്ടുകാരെ ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ പോസ്റ്റ് മോർട്ടവും നടക്കും.