പാലാ: നഗരസഭയിൽ ഉൾപ്പെട്ട കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളിലെ നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കി തടസപ്പെട്ട വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത് 24 മണിക്കൂറിന് ശേഷം. കഴിഞ്ഞ ദിവസം വൈകിട്ടു ഉണ്ടായ മഴയെത്തുടർന്നു ഏ ബി സി കേബിൾ തകരാറിലായതിനെത്തുടർന്നു വൈദ്യുതി വകുപ്പ് ഈ മേഖലയിലേയ്ക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. തുടർന്നു ഇന്ന് ഉച്ചയോടെ മാത്രമാണ് തകരാർ പരിഹരിക്കാൻ അധികൃതർ എത്തിയത്. കവീക്കുന്ന്, ചീരാംകുഴി എന്നീ ട്രാൻസ്ഫോമറുകളിലെ കേബിളുകളാണ് തകരാറിലായത്.
നിലവാരമില്ലാത്ത ഏബിസി കേബിൾ സ്ഥാപിച്ചതിനെത്തുടർന്നു നിരന്തരം വൈദ്യുതി തടസ്സപ്പെടുകയാണ് ഈ മേഖലയിൽ. തകരാർ ഉണ്ടായാലും പരിഹരിക്കുന്നതിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഗുരുതരമായ അനാസ്ഥയാണ് ഈ മേഖലയോടു പുലർത്തി വരുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
മഴ പെയ്യുകയോ ചെറിയ കാറ്റ് വീശുകയോ ചെയ്താൽ വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വിശേഷം തുടങ്ങിയിട്ട് നാളുകളായെങ്കിലും പരിഹാരം അകലെയാണെന്നാണ് പരാതി. ഇതുമൂലം ഇവിടുത്തെ ഇവിടുത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
വൈദ്യുതി തകരാറുകൾക്കു പരിഹാരമെന്ന നിലയിൽ വർഷങ്ങൾക്കു മുമ്പാണ് എ ബി സി കേബിൾ സ്ഥാപിച്ചത്. ഇതോടെ ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി വർദ്ധിച്ചുവെന്നാണാക്ഷേപം. കേബിൾ സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന വൈദ്യുതി തടസ്സങ്ങളേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി തടസ്സം മുമ്പ് പരിഹരിക്കുന്നതിനേക്കാൾ സമയമെടുത്താണ് ഇപ്പോൾ പരിഹരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരങ്ങളിൽ വൈദ്യുതി തടസപ്പെട്ടാൽ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവുന്നുള്ളൂ എന്ന പിടിവാശിയാണ് ഉദ്യോഗസ്ഥരെന്നും നാട്ടുകാർക്കു പരാതിയുണ്ട്.
നേരത്തെ വൈദ്യുതി തടസ്സം നേരിടുന്ന ഭാഗത്ത് മാത്രമായിരുന്നു എങ്കിൽ ഇപ്പോഴത് കേബിൾ കടന്നു സ്ഥലങ്ങളിലെല്ലാം തടസ്സം നേരിടുകയാണ്.
ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകൾ, മത്സ്യ മാംസ ഉത്പന്നങ്ങൾ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ പ്രായമായവരും കുഞ്ഞുകുട്ടികളും ഏറെ ബുദ്ധിമുട്ടിലുമാണ്. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാർ ബുദ്ധിമുട്ടിലാക്കുന്നു.
കേബിൾ സ്ഥാപിക്കുന്ന സമയത്ത് തന്നെ ഗുണനിലവാരം ഇല്ലാത്ത കേബിളാണ് സ്ഥാപിച്ചു വരുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ബാക്കി ഉണ്ടായിരുന്ന പാരാമൗണ്ട് കമ്പനിയുടെ കേബിളുകൾ തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു. കവീക്കുന്ന്, കൊച്ചിടപ്പാടി മേഖലയിലെ വൈദ്യുതി തകരാറുകൾക്കു ശ്വാശ്വത പരിഹാരം കാണണമെന്ന് കവീക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. കൺവീനർ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.