ഗാന്ധിചിത്രം റഷ്യൻ ബിയർ ക്യാനിൽ; കമ്പനി ഖേദം പ്രകടിപ്പിച്ച് പിൻവലിച്ചു

പാലാ / കോട്ടയം: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ബിയർ ക്യാനിൽ പതിപ്പിച്ച സംഭവത്തിൽ റഷ്യൻ ബിയർ നിർമ്മാണ കമ്പനിയായ റിവോർട്ട് ബ്രൂവറി ഖേദം പ്രകടിപ്പിച്ചു ഗാന്ധിജിയുടെ ചിത്രവും ഒപ്പും പിൻവലിച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു അയച്ച ഇ മെയിലാണ് റിവോർട്ട് ബ്രൂവറി വികസന ഡയറക്ടർ ഗുഷിൻ റോമൻ ഇക്കാര്യം അറിയിച്ചത്.

Advertisements

റിവോർട്ട് ബ്രൂവറിയുടെ പേരിൽ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചപ്പോൾ ഉണ്ടായ അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും അഗാധമായ ക്ഷമാപണം നടത്തുന്നതായി കത്തിൽ പറഞ്ഞു. ആരെയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും റഷ്യൻ സംസ്കാരത്തിൻ്റെ പ്രത്യേകതകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആഴത്തിൽ ബഹുമാനിക്കപ്പെടുന്ന മഹാത്മാഗാന്ധിയായി ചിത്രം സ്റ്റൈലൈസ് ചെയ്യുകയായിരുന്നുവെന്ന് കത്തിൽ തുടരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള അക്ഷീണ പോരാട്ടത്തിൽ ജീവിതം സമർപ്പിച്ച മഹാത്മാഗാന്ധിക്ക് തങ്ങൾ ഈ ശോഭയുള്ള ബിയർ ശൈലി സമർപ്പിച്ചു. അഹിംസാത്മക രീതികളിലൂടെ ഗുരുതരമായ രാഷ്ട്രീയ ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധി കാണിച്ചു തന്നു. തങ്ങൾ അദ്ദേഹത്തോട് യോജിക്കുന്നുതായും ഗുഷിൻ റോമൻ കത്തിൽ വ്യക്തമാക്കി.

തങ്ങളുടെ ഭാഗത്ത് നിന്നും ഇന്ത്യക്കാർക്കു അരോചകമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും ബാക്കിയുള്ളവ വിൽപ്പനയിൽ നിന്ന് തിരിച്ചുവിളിക്കുമെന്നും ഗുഷിൻ റോമൻ വാഗ്ദാനം ചെയ്തു. ഇത് വീണ്ടും സംഭവിക്കുകയില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

‘പൊയട്രി ഓഫ് ലൗവ്’ എന്ന പേരിൽ ഈ ഉത്പന്നം ഗാന്ധിജിയുടെ ചിത്രമില്ലാതെയാണ് ഇനി പുറത്തിറക്കുന്നത്.

ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ ഉൾപ്പെടുത്തിയത് അനുചിതമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് എന്നിവർക്കു പരാതി നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ റഷ്യൻ എംബിസിയിലേയ്ക്ക് 5001 പോസ്റ്റുകാർഡുകൾ അയയ്ക്കുകയും ചെയ്തിരുന്നു.

റഷ്യൻ ബിയർ കമ്പനി ഖേദം പ്രകടിപ്പിച്ച് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ സാഹചര്യത്തിൽ സമരപരിപാടികൾ നിറുത്തി വച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. തീരുമാനമെടുത്ത കമ്പനി അധികൃതർക്കു നന്ദി അറിയിക്കുന്നതായും അവർ അറിയിച്ചു. സമാനരീതിയിൽ പുറത്തിറക്കിയിട്ടുള്ള മദർ തെരേസയുടെ ചിത്രവും ഒപ്പും പിൻവലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.

ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ നിന്നും ഒഴിവാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാലായിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ലഡു വിതരണം നടത്തി. പാലാ അൽഫോൻസാ കോളജ് ഗാന്ധിയൻ സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ ഷാജി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു.

2019 ൽ ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നിവിടങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചപ്പോഴും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നു ഇരു രാജ്യങ്ങളിലും ബിയർ കുപ്പികളിൽനിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.

Hot Topics

Related Articles