പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ്ഡിപിഐ 

ഈരാറ്റുപേട്ട:ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും നേതൃത്വത്തിൽ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ട്രെഷറർ കെ.എസ് ആരിഫ്. സയണിസ്റ്റുകള്‍ പലസ്തീനില്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. രാജ്യാന്തര യുദ്ധനിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അറുകൊല ചെയ്യുന്ന സയണിസ്റ്റ് ഭീകരതയില്‍ പ്രതിഷേധിച്ച്  മതസംഘടന  ഈരാറ്റുപേട്ടയില്‍ നടത്തിയ റാലിക്കെതിരേ കേസെടുത്ത പോലീസ് നടപടി വിവേചനവും പൗരാവകാശ ലംഘനവും അക്ഷരാർത്ഥത്തിൽ ആഭ്യന്തര സംവിധാനത്തിന്റെ സംഘപരിവാർ പ്രീണനവും കൂടിയാണ് വെളിവാക്കുന്നത്. ഈരാറ്റുപേട്ട പുത്തന്‍പള്ളിയിലെ മുഖ്യ ഇമാം ഉള്‍പ്പെടെ 20 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഈരാറ്റുപേട്ടയെ ലക്ഷ്യംവെച്ച് ജില്ലാ തലത്തില്‍ തന്നെ പോലീസ് പ്രത്യേക അജണ്ടകള്‍ വെച്ച് പ്രവര്‍ത്തിക്കുന്നതായാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റെവന്യൂ വകുപ്പിനു നല്‍കുന്നതിനെതിരായി  ജില്ലാ പോലീസ് മേധാവി ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ട് വിഷലിപ്തവും ഒരു സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതുമാണ്. രാഷ്ട്രീയമോ വര്‍ഗീയമോ ആയ സംഘര്‍ഷങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഒന്നും ഇല്ലാത്ത പ്രദേശമാണ് ഈരാറ്റുപേട്ട. നാളിതുവരെ ഒരു രാഷ്ട്രീയ കൊലപാതകം പോലും നടക്കാത്ത സമാധാനത്തിന്റെ കേന്ദ്രമാണത്. ഈരാറ്റുപേട്ട നിവാസികളെ ഭീകരരായി ചിത്രീകരിച്ച എസ്പിയുടെ റിപ്പോര്‍ട്ടും ഇപ്പോള്‍ എടുത്തിട്ടുള്ള കേസും സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് പോലീസ് കരുനീക്കുന്നതിന്റെ ഭാഗമാണ്. എസ്പിയുടെ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരായി ചുമത്തിയ കേസും നിരുപാധികം പിന്‍വലിക്കണമെന്നും കെ.എസ് ആരിഫ് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.