കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ 65 കാരനു 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനു സമീപം വെളുത്തേടത്ത് തങ്കപ്പനെ (65)യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്‌സോ) ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. 2019 മാർച്ച് മുതലാണ് എട്ടു വയസുകാരിയെ പ്രതി പീഠിപ്പിച്ചിരുന്നത്.
സ്‌കൂളിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടിൽ ആരുമില്ലാത്തതിനാൽ അയൽ വാസിയായ പ്രതിയുടെ വീട്ടിൽ കളിക്കുന്നതിനും, ടിവി കാണുന്നതിനുമായാണ് അതിജീവിതയായ എട്ടു വയസുകാരി പോയിരുന്നത്. ഇതിനിടെ പ്രതിയുടെ വീട്ടിലെ ഹാളിൽ ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടെ ഹാളിൽ നിന്നും കുട്ടിയെ പ്രതി സ്വന്തം മുറിയിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇത്തരത്തിൽ പീഡനം തുടരുന്നതിനിടെ ഒരു ദിവസം, വീടിനു പുറത്ത് കളിയ്ക്കുന്നതിനിടെ പ്രതി കുട്ടിയെ മുറിയിലേയ്ക്കു വിളിച്ചു കയറ്റുന്നതിനായി ആംഗ്യം കാണിക്കുന്നത് ഒപ്പം കളിക്കുന്നതിൽ ഒരാളുടെ അമ്മ കണ്ടു. ഇതേ തുടർന്ന് ഇവർ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയതോടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്നു, കുട്ടിയോട് വിവരം മാതാപിതാക്കളെ അറിയിക്കാൻ കൂട്ടുകാരിയുടെ അമ്മ നിർദേശിച്ചു. ഇത് അനുസരിച്ച് വീട്ടുകാരാണ് വിവരം ചൈൽഡ് ലൈനിനേയും പൊലീസിനെയും അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിജീവിതയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ,ബി വകുപ്പും, പോക്‌സോ ആക്ടിലെ അഞ്ചാം വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പത്തു സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 13 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എൻ പുഷ്‌കരൻ ഹാജരായി.