നിയമസഭാ തിരഞ്ഞെടുപ്പിലെ കാലുവാരല്‍ ആരോപണം, സ്വന്തം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ രാജിസമർപ്പിക്കല്.ദേശീയഗാനം ആലപിക്കവേ വരുത്തിയ പിഴവ്. ഒടുവിലിതാ എല്‍ഡിഎഫ് മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്ന ഫോണ്സംഭാഷണത്തോടെ സ്ഥാന നഷ്ടം. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരിക്കെ പാലോട് രവി ചെന്നുചാടിയ വിവാദങ്ങള്‍ പലതുണ്ട്. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതോടെ രവി, രാജിക്കത്ത് നല്‍കിയെങ്കിലും അന്ന് അത് കെപിസിസി നേതൃത്വം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു, രാജിവെക്കേണ്ടിവന്നു.
യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ പ്രതിപക്ഷ നേതാവും യുഡിഎഫും ഒന്നടങ്കം പങ്കുവെക്കുന്ന വേളയിലാണ് അതിനെതിരായി സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അപശബ്ദം ഉയരുന്നത്. വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് എടുക്കാ ചരക്കായി മാറുമെന്നുമുള്ള പാലോട് രവിയുടെ ഓഡിയോ സംഭാഷണം തെല്ലൊന്നുമല്ല യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുന്നത്. രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നായിരുന്നു. ഓഡിയോ സന്ദേശം പുറത്തുവിട്ട് ബ്ലോക്ക് സെക്രട്ടറിയേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോള്‍ തന്നെ തോല്‍പ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മുൻ നേതാവ് പി.എസ്. പ്രശാന്ത് രംഗത്തെത്തിയിരുന്നു. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. തുടർന്ന്, തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തയക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പിന്നാലെ പി.എസ്. പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറി. തുടർന്ന് അദ്ദേഹത്തെ എല്‍ഡിഎഫ് സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തു.
സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തായ പെരിങ്ങമ്മലയില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാലോട് രവി രാജിക്കത്ത് പാർട്ടിക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഇത്. എന്നാല്‍ അന്ന് പാർട്ടി രാജി തള്ളി. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎമ്മില്‍ ചേർന്നതോടെയായിരുന്നു പഞ്ചായത്ത് ഭരണം പാർട്ടിക്ക് നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായ പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നത്. ഇതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു.
നേരത്തെ ദേശീയഗാനം തെറ്റായി ആലപിച്ചതും പാലോട് രവിയെ വിവാദത്തില്‍ ചാടിച്ചിരുന്നു. കഴിഞ്ഞവർഷം തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ഗാനം തെറ്റായി പാടിയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ദേശീയ ഗാനം തെറ്റിയതിന് പിന്നാലെ ടി. സിദ്ദിഖ് എംഎല്‍എ ഇടപെടുകയും സിഡി ഇടാമെന്ന് പറഞ്ഞ് പാലോട് രവിയെ മൈക്കിനടുത്ത് നിന്ന് മാറ്റുകയുമായിരുന്നു.
ഇടക്കാലത്ത്, 2023-ല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമന സമയത്ത് തിരുവനന്തപുരം ഡിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനുമെതിരേ ജില്ലയില്‍ രൂക്ഷ വിമർശനമുന്നയിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാർട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകളായിരുന്നു കെപിസിസി ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലായിരുന്നു പോസ്റ്റർ.
‘വില്‍പ്പനയ്ക്ക്… കോണ്‍ഗ്രസ് പാർട്ടി പോസ്റ്റ് ഫോർ സെയില്‍.. കോണ്ടാക്ട് പാലോടൻ ആൻഡ് പറവൂരൻ കമ്ബനി’, ‘തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാർട്ടിയെ തകർത്ത് തരിപ്പണമാക്കിയ പിരിവ് വീരൻ, നാടക നടൻ പാലോടന്റെയും അഹങ്കാരമൂർത്തി പരവൂർ രാജാവിന്റേയും നടപടിയില്‍ പ്രതിഷേധിക്കുക… സേവ് കോണ്‍ഗ്രസ് ഫോറം’ എന്നിങ്ങനെയായിരുന്നു അന്ന് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.