പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ പാമ്പാടി ദയറായ്ക്കു സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് ടാങ്ക് നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മീനടം ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കുന്നില്ല (എന്‍.ഒ.സി) മീനടം ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലാണ് ഈ സ്ഥലമുള്ളത്. ഉയര്‍ന്ന പ്രദേശം എന്ന നിലയില്‍ പാമ്പാടി പഞ്ചായത്തിന്‍റെ തെക്കു-കിഴക്കു മേഖലകളില്‍ വെള്ളം എത്തിക്കുവാന്‍ ഇവിടെ ടാങ്ക് നിര്‍മ്മിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. വെള്ളം ലഭിക്കുന്ന ഒരു വീട്ടില്‍ നിന്നും 50 രൂപാ വീതം മീനടം ഗ്രാമപഞ്ചായത്തിനു നല്‍കിയാല്‍ മാത്രമേ വെള്ളം നല്‍കൂ എന്ന വിചിത്ര നിലപാടാണ് മീനടം പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.
പാമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ രണ്ടു തവണ മീനടം ഗ്രാമപഞ്ചായത്തിന്‍റേയും വാട്ടര്‍ അതോറിറ്റിയുടെയും യോഗം വിളിച്ചു ചേര്‍ത്ത് ജനങ്ങള്‍ പണം നല്‍കണമെന്ന തീരുമാനം നിയമവിരുദ്ധമാണെന്നും കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യു.ഡി.എഫ് ഭരണസമിതി ഇതുവരെ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
47 കോടി രൂപാ ചെലവഴിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും പാമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് ജല്‍ജീവന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. 90 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ കുടിവെള്ളം വിതരണം ചെയ്യുവാന്‍ കഴിയും കുടിവെള്ള വിതരണ പൈപ്പുകള്‍ ഇടുവാന്‍ വേണ്ടി കുഴിച്ച ഗ്രാമീണ റോഡുകള്‍ നന്നാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മുഴുവന്‍ തകര്‍ന്ന റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്.
9.34 കോടി രൂപാ വാട്ടര്‍ അതോറിറ്റി റോഡ് മെയിന്‍റന്‍സിനായി അനുവദിച്ചിട്ടുണ്ട്. പാമ്പാടി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ മീനടം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണ സമിതിയുമായി ഗൂഡാലോചന നടത്തി കുടിവെള്ള ടാങ്കു നിര്‍മ്മാണം കഴിഞ്ഞ ഒരു വര്‍ഷമായി തടഞ്ഞു വെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ കയ്യേറ്റം ചെയ്യാന്‍ ഉള്‍പ്പെടെ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ ശ്രമിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ മീനടം പഞ്ചായത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പാമ്പാടി പഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള സമരാഭാസമാണ് യു.ഡി.എഫ് അംഗങ്ങള്‍ നടത്തുന്നത്.