ചാന്നാനിക്കാട് : പനച്ചിക്കാട് പട്ടികജാതി സഹകരണ ബാങ്കിൽ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട നിക്ഷേപകരോട് ഡയറക്ടർ ബോർഡംഗത്തിന്റെ വിചിത്രമായ മറുപടി . ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി ഇരുപത്തഞ്ചോളം നിക്ഷേപകർ സംഘടിച്ച് ബാങ്കിൽ എത്തുകയായിരുന്നു . കുടുംബശ്രീ അംഗങ്ങൾ , വഴിയോരക്കച്ചവടക്കാർ , ചെറുകിട വ്യാപാരികൾ , സ്ഥിര നിക്ഷേപകർ തുടങ്ങി നിരവധിയാളുകൾ തങ്ങളുടെ നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങുകയാണ് .
25000 രൂപ മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ ഇതിൽ ഉൾപ്പെടും . ചിട്ടി പിടിച്ച പണം നിക്ഷേപിച്ച് 2020 മുതൽ തിരിക ആവശ്യപ്പെടുന്നവരുമുണ്ട് . പണം എന്നു തിരികെ തരുമെന്ന നിക്ഷേപകരുടെ ചോദ്യത്തിന് യാതൊരു ഉറപ്പും ആ സമയത്ത് ബാങ്കിൽ ഉണ്ടായിരുന്ന ഡയറക്ടർ ബോർഡംഗങ്ങൾക്ക് നൽകാനായില്ല . 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിലെ പണമെല്ലാം എവിടെപ്പോയി എന്ന് ചോദിച്ചപ്പോൾ മുൻ പിരുന്നവർ പുട്ടടിച്ചു തീർത്തതാണെന്ന ബോർഡംഗത്തിന്റെ മറുപടി കേട്ട് പ്രതിഷേധത്തിനെത്തിയവർ പോലും ചിരിച്ചു പോയി . നിക്ഷേപകർ പിന്നീട് ബാങ്കിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി . ചിങ്ങവനം പോലീസെത്തി നിക്ഷേപകരുമായി ചർച്ച നടത്തി തിരിച്ചയക്കുകയായിരുന്നു.