പനച്ചിക്കാട്: ഈ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് സിപിഎം കൂപ്പുകുത്തിയെന്ന് കോൺഗ്രസ്. 35 വർഷം തുടർച്ചയായി പനച്ചിക്കാട് പഞ്ചായത്ത് ഭരിച്ച സി പി എം ന്റെ അംഗബലം അഞ്ച് മാത്രമായിചുരുങ്ങിയത് ജനങ്ങൾ നൽകിയ തിരിച്ചടിയുടെ ഫലമാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന പൂവൻതുരുത്ത് വാർഡിൽ കഴിഞ്ഞ തവണ 505 വോട്ടാണ് സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ 286 വോട്ട് മാത്രമാണ് നേടാനായത്. 1131വോട്ടുകളാണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. സ്വന്തം വോട്ടുകൾ ബി ജെ പി സ്ഥാനാർത്ഥിക്കു വേണ്ടി മറിച്ചു നൽകി മത്സരിച്ച സ്ഥാനാർത്ഥിയെ സി പി എം ബലിയാടാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോണും ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖും കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠവും ആരോപിച്ചു.