പനച്ചിക്കാട് : ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കുക , പഞ്ചായത്ത് അധികാരികൾ പോക്കറ്റ് കാലിയാക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . പരുത്തുംപാറ ഷാപ്പുകുന്നിൽ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിനു (എം സിഎഫ്) സമീപം മനുഷൃ വിസർജ്യമുൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ച യുവതിയാണു കുടുങ്ങിയത് . കുഴിമറ്റം വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങളായ സുനി മോളും സി കെ ബിന്ദുവും ദുർഗന്ധം വമിച്ച മാലിന്യക്കൂടുകൾ നാലു തവണയും കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു . റയിൽവേ ഉദ്യോഗസ്ഥനായ അനൂപ് , എം സി എഫ് തന്റെ വീടിനു മുൻപിൽ സ്ഥാപിക്കുവാൻ അനുവദിച്ചപ്പോൾ തന്നെ മാലിന്യ നിക്ഷേപകരെ പിടികൂടുവാൻ സ്വന്തം ചിലവിൽ അവിടെ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജീനാജേക്കബും ഹരിത കർമ്മസേനാംഗങ്ങളും ചേർന്ന് മണിക്കൂറുകളോളം ഈ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു . സ്കൂട്ടറിൽ ഒരു യുവതി എത്തുന്നതായി കണ്ടെത്തിയെങ്കിലും മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമല്ലായിരുന്നു. പിന്നീട് പരുത്തുംപാറ കവലയിലെ പല സ്ഥാപനങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവും അസിസ്റ്റന്റ് സെക്രട്ടറി വി ആർ ബിന്ദു മോനും പരിശോധിച്ച് യുവതിയെ തിരിച്ചറിഞ്ഞു . പരുത്തുംപാറക്കവലയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന ഈ യുവതിയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകി 15000 രൂപ ഈടാക്കി .