ഇന്ത്യയിലെ ജനങ്ങൾ അതാഗ്രഹിക്കുന്നു ; 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ : 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി താല്‍പ്പര്യം അറിയിച്ചത്.ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനാര്‍ഹമായ നേട്ടമാണ്. 140 കോടി ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയില്‍ പറഞ്ഞു.

അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനാണ് ഇന്ന് മുംബൈയില്‍ തുടക്കമായത്. 40 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. വേദിയില്‍ സംസാരിച്ച ഐഒസി പ്രതിനിധി തോമസ് ബാച്ച്‌ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു. ഒളിംപിക് കമ്മ്യൂണിറ്റി ഇന്ത്യയുടെ പ്രകടനത്തില്‍ സന്തോഷിക്കുന്നതായും തോമസ് ബാച്ച്‌ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ എക്സിക്യൂട്ടീവില്‍ ക്രിക്കറ്റ് ഒളിംപിക് ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക് മുതലാണ് ക്രിക്കറ്റ് കായികമാമാങ്കത്തിന്റെ ഭാഗമാകുക. ഇന്ന് തുടങ്ങിയ ഐഒസി സെഷനിലെ വോട്ടെടുപ്പിന് ശേഷമാകും ക്രിക്കറ്റിന് ഒളിംപിക്സിലേക്ക് ഔദ്യോഗിക പ്രവേശനം ലഭിക്കുക.

Hot Topics

Related Articles