കോട്ടയം : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ താറുമാറായതിൽ പ്രതിഷേധിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മന്റെ നേതൃത്വത്തിൽ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ കോട്ടയം കലക്ടറേറ്റിനുള്ളിലെ ഓഫീസിൽ ഉപരോധിച്ചു.
സെപ്റ്റംബർ 30 നകം കുഴിയെടുത്ത മുഴുവൻ റോഡുകളും പൂർവ്വസ്ഥിതിയിലാക്കാമെന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ മൂന്നുപേരും രേഖാമൂലം നൽകിയ ഉറപ്പിൻമേൽ 3 മണിക്കൂർ നീണ്ടുനിന്ന ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു . ജൽ ജീവൻ മിഷന്റെ പൈപ്പിടുന്നതിനു വേണ്ടി വിവിധ വാർഡുകളിൽ കുഴിയെടുത്ത റോഡുകൾ പോലും ഒരു വർഷമായിട്ടും പൂർവ സ്ഥിതിലാക്കാതെ കരാർ എടുത്ത കമ്പനി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ ജല അതോറിറ്റി നോക്കുകുത്തിയാകുന്നതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 21 നും 25 നും നടന്ന പഞ്ചായത്ത് കമ്മറ്റികളിൽ ജൽജീവൻ മിഷൻ പദ്ധതിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വരുമെന്നറിയിച്ചിട്ടും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും വരാത്തതിൽ പ്രതിഷേധിച്ചും കൂടിയാണ് ജൂലൈ 25 ന് ചേർന്ന പഞ്ചായത്ത് കമ്മറ്റി ഏക കണ്ഠമായി തീരുമാനമെടുത്ത് പിറ്റേ ദിവസം തന്നെ (ജൂലൈ 26) രാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികൾ ഒന്നടങ്കം ജല അതോറിറ്റി ഓഫീസിൽ കടുത്ത സമരത്തിന് പ്രേരിതരായത്. രാവിലെ 11 മണിക്കാരംഭിച്ച സമരം രണ്ടിനാണ് അവസാനിപ്പിച്ചത് .
നോക്കുകുത്തി അതോറിറ്റി , കെടുകാര്യസ്ഥത അതോറിറ്റി , മെല്ലെപ്പോക്ക് അതോറിറ്റി എന്നിങ്ങനെ എഴുതിയ പ്ലാക്കാർഡുകളേന്തിയും മുദ്രാവാക്യം വിളിച്ചും പഞ്ചായത്തംഗങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനുള്ളിൽ നിലത്തു കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരം സമിതി അദ്ധ്യക്ഷരായ എബിസൺ കെ ഏബ്രഹാം , പ്രിയാ മധു , ജീനാ ജേക്കബ് , പഞ്ചായത്തംഗങ്ങളായ പി കെ മോഹനൻ , ജയൻ കല്ലുങ്കൽ , ശാലിനി തോമസ് ,സുമാ മുകുന്ദൻ , സി എം സലി , എൻ കെ കേശവൻ ,പി ജി അനിൽകുമാർ ,സുനിൽ ചാക്കോ , പ്രസീദ സി രാജു , ഷീബാ ലാലച്ചൻ , വാസന്തി സലിം , ബിനിമോൾസനിൽകുമാർ , ജയന്തി ബിജു , നൈസിമോൾ , ദേവി ഗംഗ എന്നിവർ പങ്കെടുത്തു.