കോട്ടയം: പനച്ചിക്കാട് അമ്മയെ ചവിട്ടിക്കൊന്ന കേസിൽ പ്രതിയ്ക്കു ജാമ്യം. അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതി പനച്ചിക്കാട് കുഴിമറ്റം വെള്ളുത്തുരുത്തി പാതിയപ്പള്ളിക്കടവിൽ തെക്കേടത്തു വീട്ടിൽ ബിജു(52)വിനാണ് ചങ്ങനാശേരി മജിസ്‌ട്രേറ്റ് ടി.വി ബിജു ജാമ്യം അനുവദിച്ചത്.
വീട്ടിലിരുന്നു മദ്യപിച്ച പ്രതി അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്നു അമ്മയെ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ് ബോധരഹിതയായി കിടന്ന അമ്മയെ ബന്ധുക്കൾ ചേർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അമ്മ മരിക്കുകയായിരുന്നു. തുടർന്നു മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സംശയം തോന്നിയ ബന്ധു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, സ്ഥലത്ത് എത്തിയ ചിങ്ങവനം പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. ഇതോടെയാണ് കൊലപാതകമാണ് എന്നു വ്യക്തമായത്. ഇതിനിടെ സാക്ഷിയുടെ വീടിനു നേരെ പ്രതി കല്ലേറു നടത്തിയതായും പരാതി ഉയർന്നിട്ടുണ്ടായിരുന്നു. തുടർന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ചിങ്ങവനം പൊലീസിന്റെ മെല്ലെപ്പോക്കാണ് പ്രതിയ്ക്കു ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.