കോട്ടയം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ സദനം സ്കൂളിനു സമീപം നീലഞ്ചിറയിൽ യുവാക്കളുടെ ലഹരി മരുന്നുപയോഗം വ്യാപകമാകുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ നിന്നും ഓടിരക്ഷപെട്ട യുവാവിനെ എക്സൈസ് സംഘം പിൻതുടർന്ന് പിടികൂടി. ഓടിരക്ഷപെട്ട യുവാവിൻ്റെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഈ പ്രദേശത്ത് വ്യാപകമായി രാസലഹരിയുടെയുടെയും കഞ്ചാവിന്റെയും വിതരണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ആഴ്ചകളായി നിരീക്ഷണം നടത്തിവരികയായിരുന്നു . രണ്ടു വാഹനങ്ങളിലായെത്തിയ എക്സൈസ് സംഘത്തെ കണ്ടതിനെതുടർന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന യുവാക്കൾ ചിതറിയോടി. പാറപ്പുറം ഭാഗത്തോട്ടുള്ള റോഡിലൂടെ ഓടിയ ഒരു യുവാവ് മൂഴിപ്പാറ റേഷൻ കടയ്ക്ക് സമീപമുള്ള മറ്റൊരു വീട്ടിൽ കയറി ഒളിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ എത്തിയ എക്സൈസ് സംഘം ആ വീടിനുള്ളിൽ നിന്നും യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് റേഷൻ കടയ്ക്ക് സമീപം തന്നെയുള്ള യുവാവിന്റെ വീട്ടിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ നാല് കഞ്ചാവ് പൊതികൾ കണ്ടെടുത്തു. ചോഴിയക്കാട് റേഷൻ കടയ്ക്ക് സമീപത്തെ ഒരു വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഡി വൈ എഫ് ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ എം ഡി എം എ യുമായി പിടിയിലായത് ഒരു മാസം മുൻപാണ്. ആയിരത്തോളം കുട്ടികൾ പഠിയ്ക്കുന്ന എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പോലും ഭീഷണിയാകുന്ന വിധത്തിലാണ് ഈ പ്രദേശത്തെ മയക്കുമരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നും പോലീസും എക്സൈസും ശക്തമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.