കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെൻഡ് ചെയ്തിരുന്നു. ശരത് ലാലിന്‍റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
അതേസമയം, രാഹുൽ വിവാഹ തട്ടിപ്പ് നടത്തിയ ആരോപണത്തിൽ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രഹസ്യമൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പന്തീരാങ്കാവ് കേസിൽ അനുനയത്തിന് ആയി വിദേശത്തുള്ള ഒന്നാംപ്രതി രാഹുൽ ശ്രമിക്കുന്നുവെന്ന് സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്. ഇതനുസരിച്ച് പെൺകുട്ടി കോഴിക്കോട് എത്തി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി.
സ്ത്രീധന പീഡനമാണ് നടന്നതെന്നും പ്രതി രാഹുൽ വിവാഹ തട്ടിപ്പ് നടത്തിയന്നു പെൺകുട്ടിയുടെ കുടുംബം ആവർത്തിച്ചു. കേസ് അന്വേഷണത്തിന് ഇടേ വിദേശത്തേക്ക് കടന്നപ്രതി രാഹുൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം, കേസിലെ ഒന്നാംപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇയാൾ ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള നീക്കത്തിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത് ലാല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുലിന്‍റെ അമ്മയും സഹോദരിയും ആശുപത്രിയിൽ ആയതിനാൽ ഇരുവരുടെയും രേഖപ്പെടുത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.