കോട്ടയം : തോട്ടുവാ – കളത്തൂര്‍ – കാണക്കാരി റോഡിൽ മണ്ഡപംപടിക്ക് സമീപം 40 അടി താഴ്ചയുള്ള വേലിയില്ലാത്ത പാറക്കുളം ഉയർത്തുന്ന സുരക്ഷാ ഭീഷണിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാറക്കുളത്തിൽ വീണു കാർ യാത്രക്കാരനായ ലിധീഷ് മരണമടഞ്ഞിരുന്നു. കാണക്കാരി ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വന്ന ലിധീഷിന്റെ കാർ പാറക്കുളത്തിലേക്കു മറിയുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് ട്രാക്ടറും ഇവിടെ മറിഞ്ഞിരുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ സുരക്ഷാ സംവിധാനങ്ങളില്ല, കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.