പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വന്‍ മുന്നേറ്റം: ഡിബിഎസ് ചികിത്സയ്ക്ക് ആധുനിക ന്യൂറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി – മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഏറ്റവും ഫലപ്രദമായ ഡിബിഎസ് ചികിത്സ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയും മെഡ്‌ട്രോണിക്കും കൈകോര്‍ക്കുന്നു.

Advertisements

കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 50 ഡിബിഎസ് പ്രോസീജിയറുകള്‍ പൂര്‍ത്തിയാക്കിയ ആസ്റ്റര്‍ മെഡ്‌സിറ്റി കേരളത്തിലെ ഏറ്റവും സജീവമായ ഡിബിഎസ് ചികിത്സ കേന്ദ്രമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി, ഓഗസ്റ്റ് 18, 2022: പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സയ്ക്ക് അത്യാധുനിക ന്യുറോനേവ് എം.ഇ.ആര്‍ (മൈക്രോ ഇലക്ട്രോഡ് റെക്കോര്‍ഡിങ് സിസ്റ്റം) സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ മെഡ്‌സിറ്റിയും ഇന്ത്യ മെഡ്‌ട്രോണിക്ക് പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ത്താണ് ന്യുറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ കേരളത്തിലെത്തിക്കുന്നത്. ഇതോടെ പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സയായ ഡിബിഎസില്‍ രാജ്യത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകും. പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്കുള്ള അനുഭവസമ്പത്തിനൊപ്പം മെഡ്‌ട്രോണിക്കിന്റെ നൂതന സാങ്കേതിക വിദ്യയും കൂടിച്ചേരുന്നതോടെ രോഗികള്‍ക്ക് ലോകനിലവാരത്തില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാകും.

കാലക്രമേണ രോഗിയുടെ ചലനശേഷി ഇല്ലാതാക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീരത്തില്‍ ഘടിപ്പിക്കാവുന്ന പേസ്‌മേക്കര്‍ പോലെയുള്ള ഒരു ഉപകരണത്തില്‍ നിന്നും തലച്ചോറിലേക്ക് സിഗ്‌നലുകള്‍ അയച്ച് ചലനശേഷി വീണ്ടെടുക്കുന്ന ചികിത്സാ രീതിയാണ് ഡിബിഎസ് അഥവാ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍. രോഗിയുടെ തലച്ചോറിനുള്ളില്‍ ഓപ്പറേഷനിലൂടെ ഇലക്ട്രോഡുകള്‍ കടത്തിവിട്ടാണ് ഇത് സാധ്യമാക്കുന്നത്. സാധാരണ 45 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ഈ ഓപ്പറേഷന്‍ ന്യുറോനേവ് എം.ഇ.ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്ത് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാം. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മുന്‍പത്തേക്കാളേറെ കൃത്യമായും സൂക്ഷ്മമായും സര്‍ജറി പൂര്‍ത്തിയാക്കാന്‍ കഴിയും. രക്തസ്രാവം പരമാവധി കുറയുകയും മുറിവ് വേഗം ഉണങ്ങുകയും ചെയ്യുന്നു.

വളരെ ചെറുപ്പത്തിലേ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ചലനശേഷി നഷ്ടമായവര്‍ക്ക് ഒരനുഗ്രഹമായിരിക്കും ന്യുറോനേവ് എം.ഇ.ആര്‍ ഉപയോഗിച്ചുള്ള ഡിബിഎസ് ചികിത്സ. ദക്ഷിണേഷ്യയില്‍ മറ്റൊരിടത്തും ഈ ചികിത്സ ഇപ്പോള്‍ ലഭ്യമല്ല. ഈ ചികിത്സയിലൂടെ രോഗികള്‍ക്ക് ചലനശേഷി വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാന്‍ കഴിയും. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡറിലാണ് ഈ ലോകോത്തര ചികിത്സാരീതി മെഡ്‌ട്രോണിക്ക്‌സ് എത്തിക്കുന്നത്.

1998 ല്‍ ഇന്ത്യയിലെ ആദ്യത്തെ ഡിബിഎസ് ശസ്തക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. ആശ കിഷോറും ഡോ. ദിലീപ് പണിക്കര്‍ അടങ്ങുന്നതാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ക്ലിനിക്കില്‍ ടീം. ആശ കിഷോറിന്, പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സയില്‍ 20 വര്‍ഷത്തിലേറെ നീണ്ട അനുഭവസമ്പത്തുണ്ട്. ഇവര്‍ക്കൊപ്പം ന്യുറോ സര്‍ജറി കണ്‍സല്‍ട്ടന്റുമാരായ ഡോ. ഷിജോയ് ജോഷ്വ, ഡോ. അനുപ് നായര്‍, കണ്‍സല്‍ട്ടന്റ് ന്യുറോളജിസ്റ്റ് ഡോ. കാഞ്ചന പിള്ള എന്നിവരടങ്ങുന്നതാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ധ ടീം.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് മറ്റേതൊരു ചികിത്സയേക്കാളും ഫലപ്രദമാണ് ഡിബിഎസ്. രോഗം മൂര്‍ച്ഛിക്കുന്നതിന് മുന്‍പ് ഡിബിഎസ് ചികിത്സയ്ക്ക് വിധേയരായാല്‍ രോഗിയുടെ നിത്യജീവിതത്തെ ബാധിക്കാത്ത തരത്തില്‍ അവരുടെ ചലനശേഷി പരമാവധി വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ ഇതിനു വളരെയധികം കഴിവും പരിശീലനവും നേടിയ ഡോക്ടര്‍മാരെ ആവശ്യമാണ്. രോഗിയുടെ തലച്ചോറിനുള്ളില്‍ ആഴത്തില്‍ കൃത്യമായ ഇടത്ത് ഇലക്ട്രോഡുകള്‍ എത്തിക്കണം. അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും ചികിത്സയുടെ ഫലവും വ്യത്യസ്തമായിരിക്കും. നിലവിലുള്ള എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചാലും തലച്ചോറിനുള്ളിലെ കൃത്യമായ ഇടങ്ങള്‍ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ന്യുറോനേവ് എം.ഇ.ആര്‍ സാങ്കേതിവിദ്യ വരുന്നതോടെ ഈ സര്‍ജറി അനായാസവും സുരക്ഷിതവുമായി പൂര്‍ത്തിക്കാമെന്ന് സീനിയര്‍ ന്യുറോളജിസ്റ്റ് ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആശ കിഷോര്‍ പറഞ്ഞു.

ന്യൂറോ നേവ് എം.ഇ.ആര്‍ നല്‍കുന്ന കൃത്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഓരോ രോഗിക്കും അവര്‍ക്ക് ആവശ്യമുള്ള കൃത്യമായ ചികിത്സ നല്കാന്‍ കഴിയുമെന്ന് മെഡ്‌ട്രോണിക്ക് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ മദന്‍ കൃഷ്ണന്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ജന്മാര്‍ക്ക് വളരെ വേഗം കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നതാണ് വലിയ സവിശേഷത. സാധാരണ 40മുതല്‍ 45 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ഈ പ്രോസീജിയര്‍ ന്യുറോനേവ് എം.ഇ.ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്ത് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാം. അദ്ദേഹം പറഞ്ഞു.

മെഡ്‌ട്രോണിക്കുമായുള്ള സഹകരണത്തിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്കാന്‍ കഴിയുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സിന്റെ കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഇത്തരം പുതിയ ചികിത്സാ രീതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറെ വെല്ലുവിളികള്‍ ഉള്ള ഒരു ചികിത്സയാണ് ഡിബിഎസ്. അത് കൂടുതല്‍ സുരക്ഷിതമായും ഫലപ്രദമായും പൂര്‍ത്തിയാക്കാന്‍ ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും നല്ല മൈക്രോ ഇലക്ട്രോഡ് റെക്കോര്‍ഡിങ് സാങ്കേതിക വിദ്യയാണ് ന്യുറോനേവ് എം.ഇ.ആര്‍. ആല്‍ഫ ഒമേഗ എഞ്ചിനീയറിംഗ് എന്ന ഇസ്രായേലി കമ്പനിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ പേരെടുക്കാന്‍ കഴിഞ്ഞ കമ്പനിയാണിത്. ന്യുറോ, മനഃശാസ്ത്ര രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഈ സംവിധാനം ഇപ്പോള്‍ ഡിബിഎസ് ചികിത്സയില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഘടകമായി മാറി.

തലച്ചോറിനുള്ളില്‍ ഏതാഴത്തിലും കൃത്യമായി ഇലക്ട്രോഡുകള്‍ എത്തിക്കാന്‍ ന്യൂറോ നേവ് എം. ഇ. ആര്‍ സംവിധാനം ന്യുറോസര്‍ജന്മാരെ സഹായിക്കും. തലയോട്ടിയില്‍ 14 മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള ചെറിയൊരു ദ്വാരമുണ്ടാക്കിയാണ് ഈ ഇലക്ട്രോഡുകള്‍ തലച്ചോറിനുള്ളില്‍ എത്തിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനുള്ള സിടി, എംആര്‍ഐ സ്‌കാന്‍ എന്നിവ ഉപയോഗിച്ച് ലക്ഷ്യ സ്ഥാനം തിരിച്ചറിയുകയും സ്റ്റീരിയോടാക്റ്റിക് സര്‍ജറി ഉപയോഗിച്ച് ഇലക്ട്രോഡ് സ്ഥാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സാധാരണ ഓപ്പണ്‍ സര്ജറികളെക്കാള്‍ വളരെ സുരക്ഷിതമാണ് ഡിബിഎസ്. മുറിവ് വേഗം ഉണങ്ങുകയും അണുബാധയുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. സാങ്കേതികവിദ്യ വളര്‍ന്നതോടെ കൂടുതല്‍ കൃത്യമായി ഈ ഇലക്ട്രോഡുകള്‍ തലച്ചോറില്‍ സ്ഥാപിക്കാന്‍ കഴിയുന്നുണ്ടെന്ന് ഡോ.അനുപ് നായര്‍ പറഞ്ഞു.

2016 ലെ കണക്കനുസരിച്ച് 5.8 ലക്ഷം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരാണ് ഇന്ത്യയിലുള്ളത്. ലോകത്തെ അകെ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരില്‍ പത്ത് ശതമാനവും ഇന്ത്യയിലാണ്. അറുപത് വയസു കഴിയുമ്പോള്‍ നാഡീസംബന്ധിയായ രോഗങ്ങളുള്ളവരില്‍ മൂന്ന് മുതല്‍ എട്ട് ശതമാനം പേര്‍ക്കും ചലനശേഷി നഷ്ടമാകുന്നു.

ഫർഹാൻ യാസിൻ, ആസ്റ്റർ ഹോസ്പിറ്റൽസ്-കേരളാ & ഒമാൻ റീജിയണൽ ഡയറക്ടർ, മദൻ കൃഷ്ണൻ, വൈസ് പ്രസിഡന്റ് & മാനേജിങ്ങ് ഡയറക്ടർ, മെഡ്‌ട്രോണിക് ഇന്ത്യ, ഡോ. അനുപ് ആർ വാര്യർ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ആസ്റ്റർ മെഡ്‌സിറ്റി, ഡോ. ആശാ കിഷോർ സീനിയർ കൺസൾട്ടന്റ്, ന്യൂറോളജി & മൂവ്‌മെന്റ് ഡിസോർഡർ ആസ്റ്റർ മെഡ്‌സിറ്റി, ഡോ. അനുപ് പി നായർ, കൺസൾട്ടന്റ് ന്യൂറോ സർജറി, ആസ്റ്റർ മെഡ്‌സിറ്റി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.