ചെറുകോൽപ്പുഴ : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ല. കണ്‍വന്‍ഷന്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്‍വന്‍ഷന്‍ നടത്താന്‍ സാഹചര്യം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. സാംസ്‌കാരികവും പാരമ്പര്യവുമായ വലിയ ഒത്തുചേരലാണ് ചെറുകോല്‍പുഴ കണ്‍വന്‍ഷനെന്നും സി കാറ്റഗറി എന്ന സാഹചര്യം മാറി വരുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ഡിഒയെ സ്‌പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ഇതിനായുള്ള വകുപ്പുതല ഒരുക്കങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ നടത്തണമെന്നും ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും.
ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു
Advertisements