പത്തനംതിട്ട : പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളില്‍ വീക്ഷണം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പോഷണ്‍ അഭിയാന് പോഷണ്‍ മാ 2022 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട കാപ്പില്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൃത്യനിര്വഹണത്തിന്റെ ഭാഗമായി ചെയ്യാതെ, സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഇടപെടലുകളാണ് പോഷണ രംഗത്തു നടത്തേണ്ടത്. ഇത് സംബന്ധിച്ച് അടിസ്ഥാനതലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ശരിയായ അവബോധം കുടുംബങ്ങളില്‍ കൊണ്ടുവരാന്‍ സാധിക്കണം. ഭക്ഷ്യധാന്യങ്ങളുടെ അളവുകളെക്കുറിച്ചും പാകം ചെയ്യുന്നതിനെക്കുറിച്ചുമുള്ള അവബോധം സമൂഹത്തില്‍ എല്ലാ വിഭാഗത്തിലും ലഭ്യമാക്കണം. ഇതിനായി മനസിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രവര്‍ത്തനവും നടത്താന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
രാജ്യത്തെ ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുകയാണ് പോഷണ്‍ അഭിയാന് പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടികള്‍ വഴി മേന്മയുള്ള പോഷണത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പോഷണ്‍ മാ നടപ്പാക്കുന്നത്. ജില്ലയിലെ 1389 അംഗനവാടികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. റാണി വിഷയാവതരണവും ഐസിഡിഎസ് ഇലന്തൂര്‍ സൂപ്പര്‍വൈസര്‍ ഗ്ലാഡിസ് പ്രസന്റേഷനും നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ റ്റി.എസ്. വിനോദ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രചന ചിദംബരം, കുടുംബശ്രീ മിഷന് പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ, ജില്ലാ ലേബര്‍ ഓഫീസ് പ്രതിനിധി സി.കെ. അനില്‍കുമാര്‍, ജില്ലാതല ഐസിഡിഎസ് സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.