പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ – സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്ന ജില്ലയിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സംഗമം സെപ്റ്റംബർ 15 വ്യാഴാഴ്ച പകൽ 10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ തദ്ദേശ സ്ഥാപന തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ജില്ലാതല ഉദഘാടനവും നടക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെ കെല്‍ട്രോണ്‍ ആണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് ഇത് നടപ്പാക്കുന്നത്.
സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം, തരംതിരിവ്, സംഭരണം, കൈമാറല്‍, തുടങ്ങിയവ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
മികച്ച ഹരിതകര്‍മ സേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് നടത്തുന്നതാണ്. കൂടാതെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും ഹരിത കര്‍മസേന അംഗങ്ങളെയും ആദരിക്കുകയും ചെയ്യുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാതല ഏകോപന സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.