പത്തനംതിട്ട: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ആളപായങ്ങളൊന്നുമില്ലാതെ 2021 ല്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ സാധിച്ചുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
മുന്‍ വര്‍ഷങ്ങളിലെ പാഠമുള്‍ക്കൊണ്ട് മാറി ചിന്തിക്കുകയും കൃത്യമായ രീതിയിലുള്ള ആക്ഷന്‍ പ്ലാനുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുണ്ടാക്കി മുന്നോട്ട് പോയതാണ് ദുരുന്തങ്ങളെ ആളപായമില്ലാതെ ലഘൂകരിക്കുന്നതിനു സാധിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് എട്ടു മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ മുതല്‍ 1800 മീറ്റര്‍ ഉയരമുള്ള മലയോരപ്രദേശങ്ങള്‍ വരെ ഉള്‍പ്പെട്ട ജില്ലയാണ് പത്തനംതിട്ട. വനമേഖല, ഭൂപ്രകൃതി, ജനസാന്ദ്രത, മഴ എന്നിവയാണ് ജില്ലയുടെ ദുരന്തങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. പലതരം ദുരന്തം ഒരുമിച്ച് നേരിടേണ്ടി വന്ന വര്‍ഷമായിരുന്നു 2021. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക മഴ ലഭിച്ചു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ആഘാതമുണ്ടായി. വെള്ളം കയറുന്ന പ്രദേശങ്ങളിലെ ജനസാന്ദ്രത വര്‍ധിച്ചു. ഇതെല്ലാം വെല്ലുവിളികളായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
എന്നാല്‍, ഇതിനെയെല്ലാം മറികടക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടേയും സഹകരണത്തോടെ മെച്ചപ്പെട്ട രീതിയില്‍ യഥാസമയം ആവിഷ്‌ക്കരിച്ച് നടപ്പാക്കി. ജനങ്ങള്‍ക്ക് ഭീതിയുണ്ടാകാത്ത വിധത്തില്‍ ഡാമുകള്‍ സുരക്ഷിതമായി തുറന്നു. ഡാം റൂള്‍ കര്‍വ് മീറ്റിംഗുകള്‍ നടത്തുകയും യഥാസമയം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് കളക്ടര്‍ പറഞ്ഞു.
കക്കി ഡാമില്‍ നിന്നും 41 ദിവസങ്ങളിലായി 44 തവണകളായി 166 എംസിഎം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളം ഒഴുകുന്ന വഴികളും എത്രസമയം കൊണ്ട് ഓരോ സ്ഥലത്തും എത്തിച്ചേരുമെന്ന വിവരങ്ങളും യഥാസമയം ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. പമ്പ ഡാമില്‍ നിന്നും ആറ് എംസിഎം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളപ്പൊക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിയാനും തയാറെടുക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിച്ചു. റഡാര്‍ ഇമേജുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു.
കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ക്യാംപുകള്‍ സജ്ജമാക്കി. 7600 ആളുകളെ 160 ക്യാമ്പുകളിലായി താമസിപ്പിച്ചു. മിന്നല്‍പ്രളയത്തില്‍ ഒക്ടോബര്‍ 16ന് കോമളം പാലം തകര്‍ന്നു. തീരസംരക്ഷണത്തിന് വേണ്ടി നട്ടിരുന്ന മുളകള്‍ കടപുഴകി വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ഒരാഴ്ച കൊണ്ട് തന്നെ അത് നീക്കിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കുരുമ്പന്‍ മൂഴിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആളപായമുണ്ടാകാതെ രാത്രി തന്നെ 21 പേരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
കോവിഡ് കാലത്തെ ക്യാമ്പ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, വ്യാജവാര്‍ത്തകള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം, ജനങ്ങളുടെ നിസഹകരണം എന്നിങ്ങനെയുള്ള നിരവധി വെല്ലുവിളികള്‍ക്കിടിയിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പ്, എന്‍ഡിആര്‍ഫ്, പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിങ്ങനെ ജില്ലയിലെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും ദുരന്ത നിവാരണ സാക്ഷരതയുടെ ആവശ്യം ഈ ഘട്ടത്തില്‍ വളരെ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ആളപായമില്ലാതെ 2021ലെ പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ സാധിച്ചു; കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
Advertisements