പത്തനംതിട്ട ജില്ലയിലെ ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണം: സംസ്ഥാനതലത്തില്‍ ദുരന്തസാക്ഷരത ക്യാമ്പയിനുകള്‍ക്ക് വഴിയൊരുക്കും; മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയില്‍ 2021ല്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍
പൊതുജനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവചനാതീതമായ രീതിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വലിയ പാഠമാണ് 2018 ലെ വെള്ളപ്പൊക്കം പഠിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ജില്ലയ്ക്ക് ഗുണകരമായി. കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ കൃത്യമായ ഇടപെടലുകളും സമയോചിതമായ പ്രവര്‍ത്തനങ്ങളും ജില്ലയ്ക്ക് കരുത്തേകി. ജില്ലാ കളക്ടറെ ഇതിനു പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പുതിയ നയരൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഭവനനിര്‍മാണം നടത്തേണ്ടതും വാസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും. ദുരന്തനിവാരണം എന്നതിനപ്പുറം ഒരു ദുരന്തത്തിന് ഇടവരുത്താതെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട തരത്തില്‍ ദുരന്തനിവാരണ സാക്ഷരത ജനങ്ങളിലുണ്ടാക്കണമെന്നും അതിന് അതത് പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികളുടേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടേയും ആദിവാസി ജനങ്ങളുടേയും സഹായം അത്യാവശ്യമാണെന്നും ശ്രദ്ധേയോടുള്ള മുന്നൊരുക്കത്തിന് പത്തനംതിട്ട ജില്ല തുടക്കമാകണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ 2021 ഉണ്ടായ വെള്ളപ്പൊക്കം മനുഷ്യരുടെ ജീവന് നാശമില്ലാതെ സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. അന്‍പത് വര്‍ഷങ്ങള്‍ മുന്നിലേക്ക് നോക്കിയുള്ള കാര്യങ്ങള്‍ ഇനി നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ ആ സ്ഥലത്ത് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം പ്രദേശങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാക്കണം. മാത്രമല്ല, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശത്ത് പുതുതായി ഭവനനിര്‍മാണം നടത്താനെത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നത് നല്ലതാണ്. അങ്ങനെ വരുമ്പോള്‍ ആ പ്രദേശങ്ങളില്‍ പുതുതായി താമസിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയോ കരുതലോടെയുള്ള ഭവന നിര്‍മാണമോ നടത്തും. യഥാസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ദുരന്ത മുന്നറിയിപ്പുകള്‍ കൊടുക്കണം. അതിനായി ഒരു സമഗ്രരീതിയിലുള്ള പ്ലാന്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളുടെ ലഭ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ 2021 ല്‍ ജില്ലയില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡിസി വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles